ചാലക്കുടി: മേച്ചിറ പാലം നിർമ്മാണത്തെത്തുടർന്ന് ഒന്നര വർഷമായി അടഞ്ഞുകിടന്ന കനാൽ ബണ്ട് റോഡ് സി.പി.എം പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഗതാഗതത്തിന് തുറന്നുകൊടുത്തു. പാലം നിർമ്മാണം ആരംഭിച്ചത് മുതൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടി താത്കാലികമായി നിർമ്മിച്ച വഴിയാണ് മുപ്പത് കുടുംബങ്ങൾ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നത്. റോഡ് നിർമ്മാണം അനന്തമായി നീളുന്നതിനിടെ വഴി അടച്ചുകെട്ടാൻ സ്ഥലമുടമ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. എം.എൽ.എ.യും പഞ്ചായത്തും ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ല എന്ന പരാതി നാട്ടുകാർക്കുണ്ട്. ഈ സാഹചര്യത്തിലാണ് വാർഡ് മെമ്പർ ടി.ആർ. ബാബുവിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇവിടെയുള്ള കോൺക്രീറ്റ് ഭിത്തി പൊളിച്ചുമാറ്റി കനാൽ ബണ്ട് റോഡിൽ കൂടിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്.