simi
സിമി.

തൃശൂർ: പ്രാരാബ്ധങ്ങൾക്കിടയിൽ 20 കൊല്ലം മുമ്പ് പാതിവഴിയിൽ ഉപേക്ഷിച്ച പഠനം തിരിച്ചുപിടിച്ച് സിമി സുനിൽകുമാർ. നാല് വർഷമായി ഗുരുവായൂർ നഗരസഭയിലെ ഹരിതകർമ്മ സേനാംഗമായ സിമി ജോലിത്തിരക്കിനിടയിലാണ് സാക്ഷരതാമിഷൻ നടത്തിയ പ്ലസ് ടു തുല്യതാ പരീക്ഷയിൽ വിജയിച്ച് ഹരിത കർമ്മസേനയ്ക്കും അഭിമാനമായത്.
ഗുരുവായൂർ കോട്ടപ്പടി ഇ.എം.എസ് റോഡിൽ മത്രംകോട്ട് വീട്ടിൽ സിമി ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഞായറാഴ്ച ക്ലാസിലാണ് ചേർന്നത്. 2021-22 ബാച്ചിൽ കൊമേഴ്‌സിൽ തത്തുല്യ പരീക്ഷയ്ക്ക് തയ്യാറെടുത്തു. ജോലിക്കിടയിലും മുടങ്ങാതെ ക്ലാസിലെത്തിയതിനാൽ ഒന്നാംവർഷ പരീക്ഷയിലും മികച്ച വിജയം നേടി. 2002ലാണ് പ്രൈവറ്റായി പ്ലസ് ടു പഠിച്ചത്. അന്ന് ഒരു വിഷയത്തിൽ തോറ്റു. വിവാഹിതയായപ്പോൾ പഠനം പാതിവഴിയിൽ അവസാനിപ്പിച്ചു. ഭർത്താവ് സുനിലും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. ഭർത്താവ് ഉൾപ്പെടെയുള്ളവരിൽ നിന്നും ഹരിതകർമ്മ സോനാംഗങ്ങളിൽ നിന്നുമുള്ള പ്രോത്സാഹനം പ്രചോദനമായി. ബി.കോം നേടണമെന്നാണ് ആഗ്രഹം.