പാവറട്ടി: മണലൂർ നിയോജക മണ്ഡലത്തിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് വേണ്ടി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. സെപ്തംബർ 20 മുതൽ ഒക്ടോബർ 20 വരെ വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കും. ഹോട്ട് സ്‌പോട്ടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ വാക്‌സിനേഷൻ സംഘടിക്കും. പൊതുസ്ഥലങ്ങളിൽ ശുചിത്വ യജ്ഞം സംഘടിപ്പിക്കും. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ ഉടമകളുമായി മാലിന്യം സംസ്‌കരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തുതല യോഗം വിളിക്കും. പ്രചാരണ ബോധവത്കരണ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യും. വളർത്തുനായകൾക്ക് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ബ്ലോക്ക് പ്രസിഡന്റുമാരായ ലതി വേണുഗോപാൽ, കെ.സി. പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജിയോഫോക്‌സ്, സിന്ധു അനിൽകുമാർ, ചാന്ദിനി വേണു, ശാന്തി ദാസി, ബി.ഡി.ഒ: സി.എം. അനീഷ്, പാവറട്ടി എസ്.ഐ: പി.എസ്. സോമൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, ബ്ലോക്ക് സെക്രട്ടറിമാർ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.