മാള: മുസ്‌രിസ് പ്രൊജക്ട് ലിമിറ്റഡ്, മാള സിനഗോഗ് ഏറ്റെടുത്തിട്ട് ആറ് വർഷമാകുമ്പോഴും ലോക ടൂറിസം ഭൂപടത്തിലേക്ക് ഉയരേണ്ട മാള സിനഗോഗ് പദ്ധതി (ജൂതപ്പള്ളി) പുനരുദ്ധാരണം പാതിവഴിയിൽ. പുനരുദ്ധാരണ പ്രവർത്തനമേറ്റെടുത്ത കരാറുകാരന്റെ പരിചയക്കുറവും, മുസ്‌രിസ് പ്രൊജക്ട് ലിമിറ്റഡിന്റെ ജാഗ്രത കുറവും, നടത്തിപ്പ് ചുമതലയേറ്റെടുത്ത ഇൻകെലിന്റെയും, പുരാവസ്തു കൺസൾട്ടൻസിയുടെയും ഏകോപനമില്ലായ്മയുമാണ് പുനരുദ്ധാരണ പ്രവർത്തനം വൈകാൻ കാരണം.
സിനഗോഗിന്റെ മുൻവശത്തുള്ള കടമുറിയേറ്റെടുത്തിട്ട് ഒരു വർഷവും നാലുമാസവും കഴിഞ്ഞു. സിനഗോഗിലേക്ക് കിഴക്ക് നിന്നും പ്രവേശിക്കാനും ടൗണിൽ നിന്നും മറയില്ലാതെ ദർശനം കിട്ടാനുമായി കവാടം നിർമ്മിക്കാനാണ് മുൻവശത്തെ കടയേറ്റെടുത്തത്. കാസർകോട് ചെർക്കുളം സ്വദേശിയായ മുഹമ്മദാലിയാണ് കരാറേറ്റെടുത്തത്. ഓട് ഇറക്കി മേയൽ, മരം റിപ്പയർ ചെയ്യൽ, കുമ്മായമടിക്കൽ തുടങ്ങിയ പ്രവൃത്തിയാണ് ചെയ്തത്. കോമ്പൗണ്ടിന് ചുറ്റും ടൈൽ വിരിക്കൽ, ടോയ്‌ലറ്റ് സൗകര്യമൊരുക്കൽ തുടങ്ങിയ പണികൾ പിന്നെയും ബാക്കിയാണ്. സിനഗോഗ് സംരക്ഷിത സ്മാരകമായി സർക്കാർ ഏറ്റെടുക്കണമെന്ന മാള പഞ്ചായത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് സർക്കാർ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. തുടർന്ന് 2017ൽ സിനഗോഗ് മുസ്‌രിസ് പ്രൊജക്ട് ലിമിറ്റഡ് ഏറ്റെടുത്തു. 2019ൽ സിനഗോഗ് പുനരുദ്ധാരണത്തിനായി 75 ലക്ഷം ടൂറിസം വകുപ്പ് വകയിരുത്തി. 2020ൽ 45 ലക്ഷം രൂപ സിനഗോഗ് പുനരുദ്ധാരണത്തിനും, കോമ്പൗണ്ട് ടൈലിടാനും, മറ്റ് അനുബന്ധ സൗകര്യമൊരുക്കാനുമായി കരാർ നൽകി. മാളയുടെ മുഖച്ഛായ മാറ്റാൻ കഴിയുന്ന ടൂറിസം പദ്ധതിയുടെ ഇഴഞ്ഞുനീക്കത്തിൽ നാട്ടുകാരും അമർഷത്തിലാണ്.
സിനഗോഗിന്റെ പണി ഡിസംബർ 31ന് മുമ്പായി പൂർത്തിയാക്കും. ടൂറിസം മന്ത്രിയും നവീകരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 2020 ആഗസ്റ്റ് പത്തിന് നവീകരണം തുടങ്ങിയെങ്കിലും കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്ന് കരാറുകാരൻ പിൻവാങ്ങി. അവശേഷിക്കുന്ന പ്രവൃത്തിക്കുള്ള ടെൻഡർ നൽകിയിട്ടുണ്ട്.
മനോജ് കുമാർ
എം.ഡി, മുസ്‌രിസ് പ്രൊജക്ട് ലിമിറ്റഡ്