അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിലെ ഉൾഗ്രാമങ്ങളിലെ കലാ കായിക സാഹിത്യ സാംസ്‌കാരിക മേഖലകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന ചിത്ര ആർട്‌സ് ക്ലബ് ആൻഡ് ലൈബ്രറി വെളുത്തൂരിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ 25ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച്ച വൈകിട്ട് 5ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. പുതിയ മതേതര മരണാനന്തര സമിതിയുടെ രൂപീകരണ പ്രഖ്യാപനവും നടക്കും. ആദ്യകാല പ്രവർത്തകർക്ക് ആദരം, തിരുവാതിരക്കളി, വട്ടക്കളി, നൃത്തനൃത്യങ്ങൾ, സംഘനൃത്തം എന്നിവയും വൈകീട്ട് 7ന് കൊച്ചിൻ സരിഗ എന്റർടെയിൻസിന്റെ ഗാനമേളയും നടക്കും. ഒരു വർഷക്കാലയളവിൽ നാട്ടിലെ ആദ്യകാല നാടക പ്രവർത്തകരെയും പുതുതലമുറയിലെ കലാകാരന്മാരെയും ഒന്നിപ്പിച്ച് ആസ്വാദ്യകരമായ നാടകങ്ങൾ അവതരിപ്പിക്കും. സുവർണ ജൂബിലിയാഘോഷങ്ങൾ അടുത്ത വർഷത്തെ മൂന്നോണ നാളിലാണ് സമാപിക്കുക. പ്രസിഡന്റ് സി.ജി. സജീഷ്, സെക്രട്ടറി ടി.വി. സന്ദീപ്, ഭാരവാഹികളായ സി.എ. ഉണ്ണിക്കൃഷ്ണൻ, എം.ആർ. സജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.