പുതുക്കാട്: ഭാരത് ജോഡോ യാത്രയ്ക്ക് നാളെ ആമ്പല്ലൂരിൽ സ്വീകരണം നൽകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് പുതുക്കാട് നിയോജക മണ്ഡലം അതിർത്തിയായ കൊളത്തൂരിൽ എത്തിച്ചേരുന്ന പദയാത്രയെ സ്വാഗതസംഘം ഭാരവാഹികളും പാർട്ടി പ്രവർത്തകരും സ്വീകരിക്കും. 11ന് ആമ്പല്ലൂരിൽ വാദ്യമേളങ്ങൾ, നാടൻ കലകൾ, മെഗാ തിരുവാതിര എന്നിവയോടെ വരവേൽക്കും. അളഗപ്പ നഗർ പഞ്ചായത്ത് ഹാളിൽ വിശ്രമത്തിനു ശേഷം വൈകിട്ട് 4ന് പാലിയേക്കരയിൽ നിന്ന് പുറപ്പെടുന്ന പദയാത്ര തലോർ, ഒല്ലൂർ വഴി തൃശൂരിലേക്ക് തിരിക്കും. പുതുക്കാട് മണ്ഡലത്തിലെ 5000 പ്രവർത്തകർ സ്വീകരണ പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ സുനിൽ അന്തിക്കാട്, ഡേവീസ് അക്കര, ടി.എം. ചന്ദ്രൻ, കെ.എൽ. ജോസ് എന്നിവർ അറിയിച്ചു.