ചാലക്കുടി: പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്ന് ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് സംജാതമായ അങ്കലാപ്പിന് ശമനം. പ്രതീക്ഷിച്ചത്ര വെള്ളം ഉയരാതിരുന്നതും കാലാവസ്ഥ അനുകൂലമായതുമാണ് ചാലക്കുടിയ്ക്കും പ്രാന്ത പ്രദേശങ്ങൾക്കും ആശ്വാസമായത്. മൂന്നര മീറ്ററോളം ഉയർന്ന് പുഴയിലെ ജലനിരപ്പ് നാലര മീറ്ററിൽ എത്തുമെന്നായിരുന്നു കണക്കൂ കൂട്ടൽ. എന്നാൽ ബുധനാഴ്ച രാത്രിയിലെ ഏറ്റവും കൂടിയ ജലവിതാനം 3.97 മീറ്ററായിരുന്നു. വ്യാഴാഴ്ച ഇതു 3.51 ആയും കുറഞ്ഞു. ഇതിനിടെ പറമ്പിക്കുളത്തു നിന്നും വിടുന്ന വെള്ളത്തിന്റെ അളവ് 25 ശതമാനം കുറയ്ക്കുകയും ചെയ്തു. ഇതെല്ലാം കൂടിയാണ് അപ്രതീക്ഷതമായി ചാലക്കുടിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിന് ശമനമുണ്ടായത്. എന്നാൽ പറമ്പിക്കുളം ഡാമിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വെള്ളം ഒഴുകുന്ന അവസ്ഥ ഇനിയും തുടരുമെന്നാണ് വിവരം. 150 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുക്കി വിട്ടശേഷം തകർന്ന ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടത്താനാണ് തമിഴ്‌നാടിന്റെ തീരുമാനം. പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളം ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും കരാർ പ്രകാരം ഇതിന്റെ നിയന്ത്രണം തമിഴ്‌നാടിനാണ്. കാലപ്പഴക്കത്തെ തുടർന്നാണ് ഷട്ടർ തകർന്നതെന്നാണ് വിവരം. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതും വിനയായി. കൃത്യമായ പരിശോധനയും നടന്നിട്ടില്ല. നിയന്ത്രണം തമിഴ്‌നാട് സർക്കാരിനാണെങ്കിലും കേരള പൊലീസിന്റെ സി.ഐ.ഡി വിഭാഗം വർഷത്തിൽ രണ്ടുതവണ ഡാമിൽ സുരക്ഷാ പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ വർഷങ്ങളായി അതുണ്ടായിട്ടില്ല. കഴിഞ്ഞ ആഗസ്റ്റിൽ വലിയ തോതിൽ വെള്ളം തുറന്നു വിടുന്നതിനിടെ രണ്ടാമത്തെ ഷട്ടറിന്റെ തകരാർ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ, ഇതു സംബന്ധിച്ച വലിയ ചർച്ചകൾ നടന്നില്ല.