 
കൂർക്കഞ്ചേരി - കൊടുങ്ങല്ലൂർ റോഡിൽ
ചേർപ്പ്: വൈറ്റ് ടോപിംഗ് റോഡായി മിനുങ്ങാൻ കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡ് തയ്യാറെക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുവരെയും നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. എട്ട് മീറ്റർ വീതിയിൽ 45 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റിംഗോടെ കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെ 34.5 കിലോമീറ്ററിലാണ് നിർമ്മാണം. പെരുമ്പിള്ളിശ്ശേരി മുതൽ തിരുവുള്ളക്കാവ് സെന്റർ വരെയുള്ള റോഡിന്റെ ഒരു ഭാഗത്ത് കൂടിയാണ് ബസുകൾ അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. റോഡിന്റെ ഒരു ഭാഗം ആഴത്തിൽ വെട്ടിപൊളിച്ചിട്ട് നാളുകളായി. മറുഭാഗം ഉയർന്നു നിൽക്കുന്നതിനാൽ റോഡിൽ നിന്ന് വാഹനങ്ങൾ തെന്നിമാറി അപകടങ്ങളും പതിവാണ്. തെരുവ് വിളക്കുകളും പ്രകാശിക്കാത്തിതിനാൽ ആളുകൾ ഭയത്തോടെയാണ് ഈ വഴി സഞ്ചരിക്കുന്നത്. മിക്ക വ്യാപാര സ്ഥാപനങ്ങളും നാളുകളായി അടഞ്ഞുകിടക്കുകയാണ്. നിർമ്മാണത്തിൽ അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നവരാത്രിക്ക് തിരുവുള്ളക്കാവിലെത്താൻ എത്ര ചുറ്റണം?
നവരാത്രികാലത്ത് ആയിരങ്ങൾ എത്തുന്ന തിരുവുള്ളക്കാവ് ക്ഷേത്രത്തിന് മുമ്പിലെ റോഡിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ വെട്ടിലാകുന്നത് ഭക്തരാണ്. മെയിൻ റോഡ് വഴി ക്ഷേത്രത്തിലെത്താൻ കഴിയാത്തതിനാൽ പലർക്കും ചുറ്റി സഞ്ചരിക്കേണ്ടിവരും. വിവിധ സംഘങ്ങളുടെ കാവടി ആഘോഷ പരിപാടികൾ നടക്കുന്നതും പ്രധാന പാതയിലാണ്. ക്ഷേത്രത്തിലെത്തുന്നവർക്കായി ചേർപ്പ് ഗവ. ഹൈസ്‌കൂൾ, തിരുവുള്ളക്കാവ് വല്ലച്ചിറ റോഡിലെ വാഹന ഡ്രൈവിംഗ് സ്‌കൂൾ പരിസരം, എം.കെ. ടിമ്പേഴ്‌സ് പരിസരം, ക്ഷേത്രക്കുളം പരിസരം എന്നിവിടങ്ങളിലാണ് പാർക്കിംഗ് ഒരുക്കിയിരിക്കുന്നത്. ഇവിടെ പാർക്ക് ചെയ്ത് കാൽനടയായിട്ടുവേണം ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ. പ്രധാന റോഡ് ഭാഗികമായി അടഞ്ഞുകിടക്കുന്നതിനാൽ ഉത്സവ കച്ചവടക്കാർ പ്രതിസന്ധിയിലാകും. റോഡിന്റെ ദുരവസ്ഥയ്ക്കെതിരെ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയതായി തിരുവുള്ളക്കാവ് ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ പറഞ്ഞു.