resma

തൃപ്രയാർ: രാഹുൽഗാന്ധിയെ കണ്ട് ഷേക്ക് ഹാൻഡ് നൽകണമെന്ന ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് രേഷ്മ ഇക്ബാൽ. ഭാരത് ജോഡോ യാത്രയ്ക്ക് രണ്ട് വയസുള്ള മകൾക്ക് രാഹുൽ ഗാന്ധിയുടെ ഫോട്ടോ വെച്ചുള്ള ടീ ഷർട്ട് തയ്യാറാക്കി കുടുംബ സമേതമെത്തിയിരുന്നു. ജില്ലാ അതിർത്തിയായ ചിറങ്ങര ജംഗഷനിൽ നിന്നും കുറച്ച് മാറി ഇന്ത്യൻ കോഫി ഹൗസിന്റെ അടുത്താണ് നിന്നത്. രണ്ട് വയസുള്ള സിയ ഫാത്തിമയെയും എടുത്ത് രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് നീങ്ങിയെങ്കിലും പൊലീസ് വടം കെട്ടി തിരിച്ചത് കൊണ്ടെത്താനായില്ല. സുഹൃത്തുക്കളായ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇൻഷാദ് വലിയകത്തിനും മനാഫ് അഴിക്കോടിനുമൊപ്പം മകളുമായി സർവീസ് റോഡിലൂടെ ഓടുകയായിരുന്നു. രാഹുൽജി രാഹുൽജി എന്ന് മാറി മാറി വിളിച്ചപ്പോൾ രാഹുൽ ഗാന്ധി അവസാനം കേട്ട് അടുത്തേക്ക് വിളിക്കുകയായിരുന്നു. വടത്തിന് ഉള്ളിലേക്ക് കടന്നപ്പോൾ ഓടിച്ചെന്ന് രാഹുൽ ഗാന്ധിക്ക് ഷേക്ക് ഹാൻഡ് നൽകി. രാഹുൽ ഗാന്ധി പേര് ചോദിച്ചു. മകളുടെ പേരും ചോദിച്ചു. നൈസ് ടു മീറ്റ് യു എന്ന് പറഞ്ഞു. രാഹുൽ ഗാന്ധി ഞങ്ങളെ ചേർത്ത് നിറുത്തി കുറച്ച് ദൂരം നടന്നു. മകൾ വലുതാകുമ്പോൾ ഇന്നത്തെ ദിവസത്തെക്കുറിച്ചും രാഹുൽ ഗാന്ധിയെ കണ്ടതിനെ കുറിച്ചും പറയുമെന്നും രേഷ്മ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിന്റെ ഭാര്യയാണ് രേഷ്മ.