
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഈ മാസം 25 മുതൽ ഒക്ടോബർ 5 വരെ വിവിധ പരിപാടികളോടെ നടത്തും. ഒന്നാം ദിവസമായ ഞായറാഴ്ച വൈകിട്ട് അഞ്ചിന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള പത്ത് ദിവസമായി നടക്കുന്ന മഹോത്സവം ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷനാകും. സിനിമാ താരം മാളവിക സി.മേനോൻ, ദേവസ്വം ബോർഡ് മെമ്പർ വി.കെ.അയ്യപ്പൻ, ദേവസ്വം ബോർഡ് കമ്മിഷണർ എൻ.ജ്യോതി, സെക്രട്ടറി പി.ഡി.ശോഭന, ഡെപ്യൂട്ടി കമ്മിഷണർ പി.ബിന്ദു എന്നിവർ പങ്കെടുക്കും. തുടർന്ന് ഒക്ടോബർ നാല് വരെ നവരാത്രി മണ്ഡപത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വിജയദശമി ദിനമായ അഞ്ചിന് രാവിലെ എട്ടിന് വിദ്യാരംഭം എന്നിവയുണ്ടാകും.
സംസ്ഥാന സമ്മേളനത്തിന് തുടക്കം
തൃശൂർ : ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം. ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗവും പ്രതിനിധി സമ്മേളനവും നടന്നു. ഇന്ന് സെന്റ് തോമസ് ജോൺ പാലോക്കാരൻ സ്ക്വയറിൽ സമ്മേളനം രാവിലെ മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പത്തിന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.കെ.ജയശ്രീ അദ്ധ്യക്ഷത വഹിക്കും. എൻട്രി കേഡറായ ജെ.പി.എച്ച്.എൻ ഗ്രേഡ് 2 തസ്തികയിലേക്ക് ജി.എൻ.എം യോഗ്യതയുള്ളവരെ കൂടി ഉൾപ്പെടുത്താനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഒഴിവ് നികത്താത്തത് മൂലം നേരിടുന്ന അമിത ജോലി ഭാരം ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും അവർ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മേരി ജോസഫ്, കെ.സുബൈറത്ത്, എ.എം.മൈമു, ടി.കെ.രാധ, കെ.ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.