
ചാലക്കുടി: ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിനമായ വെള്ളിയാഴ്ച ക്യാമ്പിൽ കഴിച്ചുകൂട്ടി രാഹുൽ ഗാന്ധി. ജില്ലയിലെ പ്രമുഖ നേതാക്കളെ കാണുമെന്നും അതിരപ്പിള്ളിയടക്കം പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുമെന്നും സൂചനയുണ്ടായിരുന്നെങ്കിലും അതൊന്നും നടന്നില്ല.
ക്രസന്റ് പബ്ലിക്ക് സ്കൂളിലെ ക്യാമ്പിൽ ആധുനിക സൗകര്യങ്ങളുള്ള കണ്ടെയ്നർ ലോറിയിലാണ് രാഹുൽ രണ്ട് രാത്രിയും ഒരു പകലും കഴിച്ചു കൂട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒഴിച്ചാൽ ബാക്കി എല്ലാ സമയത്തും ഭക്ഷണം കണ്ടെയ്നറിലായിരുന്നു. വെള്ളിയാഴ്ചയിലെ ഉച്ചഭക്ഷണം ജാഥയിലുള്ള പ്രമുഖ നേതാക്കൾക്കൊപ്പം ക്രെസന്റ് സ്കൂളിലെ ഡൈനിംഗ് ഹാളിലായിരുന്നു. വിശ്രമ ദിനത്തിൽ കോൺഗ്രസ് നേതാക്കളെയൊന്നും അദ്ദേഹം കണ്ടില്ല. ക്യാമ്പിലുണ്ടായിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി രാവിലെ രാഹുൽ ഗാന്ധി ചർച്ച നടത്തി. തുടർന്ന് രാവിലെ ഒമ്പതരയോടെ ഗെഹ്ലോട്ട് നെടുമ്പാശേരി എയർപോർട്ട് വഴി തിരിച്ചുപോയി. രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 150 ഓളം പൊലീസുകാരാണ് ക്യാമ്പിലെ സുരക്ഷയ്ക്കുണ്ടായിരുന്നത്. ഇന്ന് രാവിലെ ഏഴരയ്ക്ക് കൊടകരയിൽ നിന്നും ഭാരത് ജോഡോ യാത്ര വീണ്ടും ആരംഭിക്കും.
ജോഡോ യാത്ര ഇന്ന് നഗരത്തിൽ
തൃശൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് നഗരത്തിലെത്തും. രാഹുൽ ഗാന്ധിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നഗരം കൊടിതോരണങ്ങളാലും വൈദ്യുത ദീപാലങ്കാരങ്ങളാലും നിറഞ്ഞു. തെക്കേ ഗോപുര നടയിലാണ് സ്വീകരണ സമ്മേളനം. ഇന്ന് ചാലക്കുടിയിൽ നിന്ന് രാവിലെ 6.30 ന് ആരംഭിക്കുന്ന പദയാത്ര കൊടകര വഴി ആമ്പല്ലൂരിലെത്തും. തലോരിൽ നിന്നും വൈകിട്ട് നാലിന് ആരംഭിക്കുന്ന യാത്ര ഒല്ലൂർ, കുരിയച്ചിറ വഴി, സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. നഗരം ചുറ്റി തെക്കേഗോപുര നടയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. സാംസ്കാരിക നഗരിയിലെത്തുന്ന പദയാത്രയെ സ്വീകരിക്കാൻ പെരുവനം കുട്ടൻ മാരാരുടെ മേളവും, സാംസ്കാരിക ചിഹ്നങ്ങളോടെയുള്ള കലാരൂപങ്ങളും അരങ്ങേറും. നാളെ രാവിലെ തൃശൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര 11ന് വടക്കാഞ്ചേരിയിലെത്തിച്ചേരും. രണ്ടിന് മുളങ്കുന്നതുകാവ് കിലയിൽ 'വാർ ഹീറോസുമായി' സംഗമം. നാലിന് പുനരാരംഭിക്കുന്ന യാത്ര വെട്ടിക്കാട്ടിരി സെന്ററിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. ഇന്നലെ വിശ്രമദിനമായിരുന്നു.
വാർ ഹീറോസ് സംഗമം നാളെ
തൃശൂർ : രാഹുൽ ഗാന്ധി പങ്കെടുക്കുന്ന വാർ ഹീറോസിന്റെ സംഗമം നാളെ ഉച്ചയ്ക്ക് ശേഷം രണ്ടിന് വടക്കാഞ്ചേരി പള്ളി ഹാളിൽ നടക്കും. വിമുക്തഭടന്മാർ, സ്വാതന്ത്ര്യ സമര സേനാനികൾ ഉൾപ്പെടെയുള്ളവരുമായി രാഹുൽ ഗാന്ധി സംവദിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.
സംവാദം മാറ്റി
രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ഇന്ന് ഉച്ചയ്ക്ക് രാമനിലയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന 'ലഞ്ച് വിത്ത് രാഹുൽ' പരിപാടിയും , സാഹിത്യകാരന്മാരുമായി സാഹിത്യ അക്കാഡമിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയും സുരക്ഷാകരണങ്ങളാൽ മാറ്റിയതായി ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.