ചാലക്കുടി: കാട്ടിൽ പച്ച മരുന്നുകൾ ശേഖരിക്കാൻ പോയ ആദിവാസി കുടുംബങ്ങൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വാഴച്ചാൽ കോളനിയിലെ ഷാജനാ (49)ണ് പരിക്കേറ്റത്. ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ വാഴച്ചാൽ ഇരുമ്പ് പാലത്തിന് സമീപത്തായിരുന്നു സംഭവം. ഷാജനും സുഹൃത്ത് ശിവനും വീട്ടുകാരുമായാണ് കാട്ടിലേയ്ക്ക് പോയത്. തൊട്ടടുത്ത ഈറ്റക്കാട്ടിൽ ആന നിൽക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ ഷാജൻ ആനയുടെ കാലുകൾക്കിടയിൽ കുടുങ്ങി. ഇവരുടെ വീട്ടുകാരായ സ്ത്രീകൾ ബഹളം വച്ചപ്പോൾ ആന പിൻതിരിഞ്ഞു. ഇതിനിടെ ശിവൻ ഇയാളെ വലിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ശിവന്റെ ഭാര്യ വാഴച്ചാൽ ഫോറസ്റ്റ് ഓഫീസിലെത്തി വിവരം പറഞ്ഞു. ഉടനെ സ്ഥലത്തെത്തിയ വനപാലകർ 108 ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടു വന്നു. ഇരുവരുടേയും ഭാര്യമാരും മൂന്നു കുട്ടികളും അടങ്ങുന്ന സംഘമാണ് പച്ചമരുന്നെടുക്കാൻ പോയത്. ബഹളം കേട്ട് ആന പെട്ടെന്ന് പോയതിനാൽ വലിയ അപകടം ഒഴിവായെന്ന് ശിവൻ പറഞ്ഞു.