
പേരാമംഗലം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയോടുള്ള ആരാധന മൂത്ത് പാപ്പാന്മാരാകാൻ വീടുവിട്ടിറങ്ങിയ മൂന്നംഗ വിദ്യാർത്ഥി സംഘത്തെ പേരാമംഗലത്ത് ആനയെ തളയ്ക്കുന്ന തറിക്കടുത്ത് കണ്ടെത്തി. ആനയുടെ പാപ്പാന്മാരാക്കണമെന്ന വിദ്യാർത്ഥികളുടെ അഭ്യർത്ഥന നിരാകരിച്ച ആന പാപ്പാന്മാർ വിദ്യാർത്ഥികളെ തിരിച്ചയച്ചെങ്കിലും പരിസരത്ത് രാത്രി തങ്ങിയവരെ നാട്ടുകാരാണ് കണ്ടെത്തിയത്.
വിദ്യാർത്ഥികളെ പൊലീസെത്തി അനുനയിപ്പിച്ചാണ് പേരാമംഗലം സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കുട്ടികളെ പിന്നീട് കുന്നംകുളം പൊലീസിനും പിന്നീട് മാതാപിതാക്കൾക്കും കൈമാറി. കൗമാരക്കാരായ ഹൈസ്‌കൂൾ വിദ്യാർത്ഥികളെയാണ് വ്യാഴാഴ്ച വൈകിട്ടോടെ കാണാതായത്.
ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഇവർ ട്യൂഷന് പോകുന്നെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ആന പാപ്പാന്മാരാകാൻ പോകുന്നെന്ന കാര്യം എഴുതിവച്ചാണ് സ്ഥലം വിട്ടത്. മുണ്ടൂർ നിർമൽ ജ്യോതി സ്‌കൂളിലെ ഒരു വിദ്യാർത്ഥിയെയും വ്യാഴാഴ്ച കാണാതായിരുന്നു. ഇതിൽ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയിലാണ് പേരാമംഗലത്തെ ആന പാപ്പാന്മാർ മൂന്ന് കുട്ടികളെത്തിയിരുന്നതായി പൊലീസിനെ അറിയിച്ചത്.