red

തൃശൂർ : നഗരത്തിൽ സി.പി.എമ്മിന്റെ ശക്തിതെളിയിച്ച് റെഡ് വളണ്ടിയർ മാർച്ചും പൊതുസമ്മേളനവും. അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെഡ് വളണ്ടിയർ മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. രാവിലെ ചെട്ടിയങ്ങാടിയിൽ അഴീക്കോടൻ രാഘവൻ കുത്തേറ്റ് മരിച്ച സ്ഥലത്ത് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.

വൈകീട്ട് സ്വരാജ് റൗണ്ട് ചുറ്റിവന്ന റെഡ് വളണ്ടിയർ മാർച്ചിൽ എല്ലാ ഏരിയ കമ്മിറ്റികളിൽ നിന്നുള്ളവർ പങ്കെടുത്തു. സ്ത്രീകളടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്തു. മുഖ്യമന്ത്രി വേദിയിലെത്തിയിട്ടും റെഡ് വളണ്ടിയർ മാർച്ച് പൂർത്തിയാക്കിയിരുന്നില്ല. പൊതുസമ്മേളനത്തിലും ആയിരക്കണക്കിന് പേർ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അഴീക്കോടൻ രാഘവനെ വകവരുത്തിയാൽ സി.പി.എമ്മിനെ തകർക്കാൻ സാധിക്കുമെന്ന കോൺഗ്രസ് വിശ്വാസത്തെ തകർക്കുന്നതായിരുന്നു സി.പി.എമ്മിന്റെ കൂട്ടായ പ്രവർത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിഹത്യ നടത്തുകയെന്ന വ്യവസായത്തിലൂടെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ നോക്കിയെങ്കിലും സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ഡോ.ആർ.ബിന്ദു, എം.എൽ.എമാരായ എ.സി.മൊയ്തീൻ, കെ.കെ.രാമചന്ദ്രൻ , സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, നേതാക്കളായ പി.കെ.ബിജു, എൻ.ആർ.ബാലൻ, എം.കെ.കണ്ണൻ, പി.കെ.ഡേവിസ് മാസ്റ്റർ, കെ.വി.അബ്ദുൾ ഖാദർ, ബി.ഡി.ദേവസി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പി.കെ.ഷാജൻ, കെ.വി.ഹരിദാസ്, ടി.കെ.വാസു എന്നിവർ പങ്കെടുത്തു.