ചേലക്കര: 4605 വളർത്തു നായകളും 8278 തെരുവ് നായകളും അടക്കം ആകെ 12883 നായകൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഉണ്ടെന്ന് കണക്കെടുപ്പിൽ കണ്ടെത്തൽ. സർവേയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിനേഷൻ തീവ്രയജ്ഞം സംഘടിപ്പിക്കാനും തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനും അവർക്ക് സുരക്ഷിതമായ ഷെൽട്ടറുകൾ ഒരുക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ മണ്ഡലത്തിനകത്ത് ആരംഭിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. നായ മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുന്നോടിയായാണ് ചേലക്കര നിയോജക മണ്ഡലത്തിലെ തെരുവ് നായകളുടെയും വളർത്തു നായകളുടെയും കണക്കെടുപ്പ് നടത്തിയത്. മണ്ഡലത്തിലെ നായ ശല്യം മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു കണക്കെടുപ്പ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതൽ 2 മണി വരെയുള്ള സമയം എടുത്ത് ചേലക്കര നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും കണക്കെടുപ്പ് നടന്നു. അതാത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നടന്ന കണക്കെടുപ്പിൽ ആരോഗ്യം, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, സന്നദ്ധ സംഘടന അംഗങ്ങൾ, ക്ലബുകൾ, മൃഗസംരക്ഷണ സംഘടനകൾ എന്നിവർ പങ്കാളികളായി.

പഞ്ചായത്ത് തിരിച്ചുള്ള നായകളുടെ എണ്ണം (പഞ്ചായത്ത്, വളർത്ത് നായകൾ, തെരുവ് നായകൾ, ആകെ എന്ന ക്രമത്തിൽ)
ചേലക്കര-875, 1452. ആകെ-2327.
കൊണ്ടാഴി- 852, 680. ആകെ-1532.
പാഞ്ഞാൾ-869, 1392. ആകെ-2261.
പഴയന്നൂർ- 289, 1120. ആകെ-1409.
തിരുവില്വാമല-3500,1164. ആകെ-1514
വള്ളത്തോൾനഗർ- 420, 641. ആകെ-1061.
ദേശമംഗലം- 250, 843. ആകെ-1093.
മുള്ളൂർക്കര- 422, 288. ആകെ-710.
വരവൂർ-278, 698. ആകെ-976.