 
ചാലക്കുടി: പള്ളിക്കനാൽ പുറമ്പോക്ക് ഭൂമി വിഷയം രാഷ്ട്രീയ ഇടപെടലുകളിൽ യാഥാർത്ഥ്യങ്ങൾ മറച്ചുവയ്ക്കുപ്പെടുന്നുവെന്ന ആരോപണുമായി പരിസരവാസികൾ രംഗത്ത്. സ്വന്തം അമ്മയ്ക്ക് വീട് ലഭിച്ചിട്ടും അതേ വീട്ടിൽ അവകാശം ഉന്നയിച്ച് കഴിയുന്ന സോൾബി സുനിലും കൂട്ടരും തങ്ങൾക്ക് കൂടി വീട് ലഭിക്കേണ്ട അവസരമാണ് നഷ്ടപ്പെടുത്തുന്നതെന്ന് അവർ ആരോപിക്കുന്നു.
പി.എം.എ.വൈ പദ്ധതി പ്രകാരം പുതിയ വീട് ലഭ്യമായ റോസിലി സേവ്യറിന്റെ കനാൽ പുറമ്പോക്കിലെ വീട് പൊളിച്ചു നീക്കാനുള്ള നഗരസഭാ തീരുമാനത്തെ പിന്തുണയ്ക്കുകയാണെന്നും അവർ വ്യക്തമാക്കി. കനാൽ പുറമ്പോക്കിലുള്ള മറ്റു 14 വീട്ടുകാരാണ് ദുരിതത്തിലായത്. നഗരസഭയുമായി സഹകരിച്ച് സ്വകാര്യ വ്യക്തിയാണ് പുനരധിവാസത്തിന് ഇവർക്ക് മൂന്ന് സെന്റ് വീതം സ്ഥലം നൽകാമെന്ന് ഏറ്റത്. ഇതുപ്രകാരം മൂന്നു കുടുംബങ്ങളെ പുതിയ വീടുകൾ നൽകി മാറ്റിപ്പാർപ്പിച്ചു. ഇതിൽ ഒരു വീടാണ് ഒഴിയാതെ കിടക്കുന്നത്. ഇതോടെ തങ്ങൾക്ക് സ്ഥലം നൽകുന്നതിൽ സ്വകാര്യ വ്യക്തി മാറുകയാണ് വീട്ടുകാർ ചൂണ്ടിക്കാട്ടി. യാഥാർത്ഥ്യം പരിസരവാസികളോട് അന്വേഷിക്കാതെയാണ് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കുന്നതെന്നും ഇവർ പറയുന്നു. ശാന്ത, മണി, ബീന സുധീർ, ബിജി ഷാജൻ, രാജി രാജു, സോണിയ മാർഷൽ, ചന്ദ്രു, ഓമന ജോണി, മല്ലിക, മേരി പൗലോസ്, ശ്രീരേഖ, വത്സല ഗണേശൻ, സുഭാഷിണി, വള്ളിക്കുട്ടി, ഗ്രേസി, ഗ്ലാഡി, പൊന്നമ്മ എന്നിവരാണ് വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.