pawan

തൃശൂർ : കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് മാദ്ധ്യമ വിഭാഗം ചെയർമാൻ പവൻ ഖേര. തൃശൂർ പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടക്കും. ബി.ജെ.പിയെപ്പോലുള്ള പാർട്ടികൾക്ക് അത്തരത്തിൽ ചിന്തിക്കാനാവില്ല. നാമനിർദ്ദേശം സമർപ്പിച്ച് മത്സരിക്കുന്നവരെല്ലാം പാർട്ടി സ്ഥാനാർത്ഥികളാണ്. തെരഞ്ഞെടുപ്പ് ഒഴിവാക്കി ബി.ജെ.പിയെപ്പോലെ ആകേണ്ട കാര്യമില്ല. രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന് ആഗ്രഹിക്കാനും പറയാനും ഏത് കോൺഗ്രസുകാരനും അവകാശമുണ്ട്. രാഹുൽ ഒരു പ്രതീക്ഷയാണ്. അതിനർത്ഥം, മറ്റ്‌ നേതാക്കളിൽ പ്രതീക്ഷ ഇല്ലെന്നല്ല. മോദി സർക്കാരിന്റെ നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ പദയാത്ര ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ഭരണാധികാരികളെയോ പാർട്ടികളെയോ അസ്വസ്ഥരാക്കുന്നത് എന്തിനാണ്. കേരളം കോൺഗ്രസിന് പ്രധാനപ്പെട്ട ഇടമാണ്. യാത്രയിൽ അതിനെ എന്തിന് അവഗണിക്കണം.

കോൺഗ്രസ് ബി.ജെ.പിയെ നേരിടുന്നില്ലെന്നും യു.പിയിലേതിനെക്കാൾ യാത്ര അധിക ദിവസം കേരളത്തിലാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യാത്രയ്‌ക്കെതിരെ ബി.ജെ.പി ഹീനമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വസ്ത്രവും വിശ്രമിക്കുന്ന കണ്ടെയ്‌നറും മറ്റും ആക്ഷേപത്തിന് ഉപയോഗിച്ചവർ, പദയാത്രയിൽ പങ്കെടുത്ത കെ.എസ്.യു പ്രവർത്തക പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചയാളാണ് എന്നുവരെ പറഞ്ഞു. യാത്ര പുരോഗമിക്കുന്തോറും ഇത്തരം ആക്ഷേപങ്ങൾ ശക്തിപ്പെടും. ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഭരണത്തിൽ നഷ്ടപ്പെട്ട ഇന്ത്യയുടെ ആത്മാവ് തിരിച്ചു പിടിക്കുകയാണ് പദയാത്രയുടെ ലക്ഷ്യം. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കപ്പെടണമെന്ന് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിനോട് ഖേര പ്രതികരിച്ചു.