
തൃശൂർ : ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ക്വട്ടേഷനെടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി. ബി.ജെ.പിക്കെതിരെ നിശിത വിമർശനമുന്നയിച്ചാണ് ജോഡോ യാത്ര മുന്നോട്ട് പോകുന്നത്. രാഹുൽഗാന്ധി ഒരിടത്ത് പോലും സി.പി.എമ്മിനെയോ കേരള സർക്കാരിനെയോ കുറിച്ച് പറഞ്ഞിട്ടില്ല.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നയം തുറന്നു കാട്ടുകയാണ് യാത്രയുടെ ലക്ഷ്യം. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജോഡോ യാത്രയെ വിമർശിക്കുന്നതെന്നറിയുന്നില്ല. അതുകൊണ്ടാണ് ബി.ജെ.പിക്കായുള്ള ക്വട്ടേഷൻ മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നതാണോയെന്ന് സംശയിക്കേണ്ടിവരുന്നത്. രാഹുൽ ഗാന്ധി നയിക്കണമെന്നായിരുന്നു എല്ലാവരെയും പോലെ തന്റെയും ആഗ്രഹവും. എന്നാൽ മാറി നിൽക്കാൻ അദ്ദേഹത്തിന്റേതായ കാരണമുണ്ടെന്നാണ് മനസിലാക്കുന്നത്. മത്സരിക്കാൻ ആർക്കും അവകാശമുണ്ട്. ആരോഗ്യകരമായ മത്സരം നല്ലതാണെന്നും അത് നടക്കട്ടെയെന്നും വേണുഗോപാൽ പറഞ്ഞു. യാത്ര ഷെഡ്യൂൾ ചെയ്യുമ്പോൾ ആഴ്ചയിൽ ഒരു ദിവസം ഇടവേള ക്രമീകരിച്ചിട്ടുണ്ട്. അതും പോപ്പുലർഫ്രണ്ട് ഹർത്താലുമായി എന്ത് ബന്ധമെന്നും അത്തരം പ്രചരണങ്ങൾ വിലപ്പോവില്ലെന്നും വേണുഗോപാൽ പറഞ്ഞു.