അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ തിങ്കളാഴ്ച സാംസ്‌കാരികോത്സവത്തോടെ ആരംഭിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് രാമചന്ദ്രൻ കർത്തോത്തിൽ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 6ന് കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്യും. സംഗീതാർച്ചന, വയലിൻ കച്ചേരി, കുച്ചിപ്പുടി, ഭരതനാട്യം, പെരിങ്ങോട് സുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന ഇടയ്ക്ക താള ലയ വിന്യാസം, കഥകളി പദ കച്ചേരി, പുല്ലാങ്കുഴൽ, വയലിൻ, തബല , മൃദംഗം എന്നിവയുടെ ഫ്യൂഷൻ എന്നിവ നടക്കും. അഞ്ചിന് രാവിലെ ഏഴിന് ത്യാഗരാജ പഞ്ചരത്‌ന കീർത്തനാലാപനത്തോടെ സാംസ്‌കാരികോത്സവം സമാപിക്കും. ഒക്ടോബർ രണ്ടിന് വൈകിട്ട് സരസ്വതി മണ്ഡപത്തിൽ പുസ്തക പൂജാവയ്പ്പ് ആരംഭിക്കും. അഞ്ചിന് വിജയദശമി ദിനത്തിൽ വിദ്യാരംഭം നടക്കുമെന്ന് സെക്രട്ടറി കൃഷ്ണൻകുട്ടിനായർ പറളിയിൽ, നിർവാഹകസമിതി അംഗം കെ. കൃഷ്ണകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.