പാവറട്ടി: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിലിടത്തിൽ പുതുതായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ എം.എം.എസ് എന്ന കണക്കെടുപ്പിനെതിരെ തൊഴിലാളികൾ രംഗത്ത്. തൊഴിലിന് ഇറങ്ങുന്നവർ പകൽ 11നകം ഫോട്ടോയുൾപ്പടെയുള്ള അറ്റൻഡൻസ് മൊബൈൽ ആപ്പിൽ കയറ്റി ബന്ധപ്പെട്ട അധികാരികൾക്ക് അയക്കണമെന്ന പുതിയ ചട്ടം തൊഴിലാളികളുടെ കൂലി കവരുന്നതായാണ് ആക്ഷേപം. ഒരു തൊഴിലിടത്തിൽ 30 പേർ തൊഴിലെടുക്കുന്നവരുണ്ടങ്കിൽ ഇവരുടെ ഓരോരുത്തരുടെ ഫോട്ടോകൾ എടുത്ത് നിശ്ചിത സമയത്തിനുള്ളിൽ അപ്പ്‌ലോഡ് ചെയ്ത് അയയ്ക്കുക എന്നതാണ് പുതിയ എം.എം.എസ് കണക്കെടുപ്പ് രീതി. ഭൂരിഭാഗം തൊഴിലിടങ്ങളും ഉൾഗ്രാമങ്ങളിലെ മൊബൈൽ നെറ്റ്‌വർക്കില്ലാത്ത പ്രദേശങ്ങളായതിനാൽ ഇവിടെ നിന്നുമുള്ള എം.എം.എസ് അറ്റൻഡൻസ് പലപ്പോഴും സമയ പരിധിയിൽ നടക്കുന്നില്ല. റേഞ്ച് ഇല്ലാത്തതിനാൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച സമയത്തിനുള്ളിൽ എം.എം.എസ് പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നുണ്ട്. സമയം കഴിഞ്ഞാൽ ഹാജർ ഇല്ലെന്ന് കണക്കാക്കുമെന്നതാണ് പുതിയ ചട്ടം. ഇതുമൂലം തൊഴിലെടുത്താലും കൂലിയില്ലാത്ത തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടത്തിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.