ചാലക്കുടി: കൊരട്ടി കോനൂരിൽ പൗരാവലിയുടെ നേതൃത്വത്തിൽ ഇന്ന് അഖിലകേരള ഓണംകളി മത്സരം നടക്കും. രാവിലെ പത്തുമുതൽ അർദ്ധ രാത്രി വരെ നീളുന്ന ഓണംകളിയിൽ പ്രമുഖ ടീമുകൾ മത്സരിക്കും. കോനൂരിൽ ഉത്സവ പ്രതീതിയുളവാക്കിയാണ് ഓണംകളിയുടെ സംഘാടനം. വർഷങ്ങളായി നടന്നുവരുന്ന മത്സരത്തിന് കഴിഞ്ഞ രണ്ടുവട്ടം മുടക്കമുണ്ടായി. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു,സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. കെ.ആർ. സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടുമാസമായി ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. സിനിമാ താരങ്ങളായ സിജു വിത്സൻ, കൈലാഷ്, നീരജ് മാധവൻ, ഹരിശ്രീ അശോകൻ, സരയൂ മോഹൻ, അപർണാദാസ്, ശ്രീരേഖ, നീനാ കുറുപ്പ്, സംവിധായകൻ വിനയൻ, പുല്ലാങ്കുഴൽ വിദഗ്ദ്ധൻ രാജേഷ് ചേർത്തല, തിരക്കഥാകൃത്ത് അഭയകുമാർ എന്നിവർ അതിഥികളായി പങ്കെടുക്കും.