
ചാലക്കുടി: കടയുടമയെ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ. പൊലീസ് സ്റ്റേഷൻ റോഡിലെ കുരിയൻസ് ബേക്കറിയുടമ ചാലക്കുടി ഗോൾഡൻ നഗറിലെ തെക്കൻ വീട്ടിൽ ജോസ് മോനാണ് (46) പരിക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോസ്‌മോന്റെ പരിക്ക് മാരകമല്ലെങ്കിലും വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കി.
കേസിലെ പ്രതി കൃഷ്ണമൂർത്തിക്ക് മാനസിക വിഭ്രാന്തിയുള്ളതായി പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. കടയിൽ സർബത്ത് കുടിക്കാനെത്തിയതാണ് കൃഷ്ണമൂർത്തി. സർബത്ത് എടുത്തുകൊണ്ടിരുന്ന ജോസ് മോന്റെ തലയുടെ പിൻഭാഗത്താണ് നിറഞ്ഞ സോഡ കുപ്പി കൊണ്ട് അടിച്ചത്. ഇതേസമയത്ത് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയിരുന്ന സ്ത്രീ സംഭവം കണ്ട് ഇറങ്ങിപ്പോയി മറ്റുള്ളവരെ വിവരം അറിയിച്ചു. ഉടനെ പുറത്തിറങ്ങിയ ഇയാളെ നാട്ടുകാർ പിടികൂടി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് പൊലീസുകാരുടെ നേരേ ഇയാൾ ബലപ്രയോഗം നടത്തി. പിടിവലിക്കിടെ ഒരു പൊലീസുകാരൻ താഴെ വീണു.