തിരുവില്വാമല: വിപുലമായ നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി തിരുവില്വാമല കൊച്ചുപറക്കോട്ടുകാവ് ഭദ്രകാളി ക്ഷേത്രം. തിരുവില്വാമല ഗ്രാമത്തിന്റെ ആദ്ധ്യാത്മിക സാംസ്‌കാരിക മേഖലകളിൽ കഴിഞ്ഞ പത്ത് വർഷമായി സജീവസാന്നിദ്ധ്യമായ ഇവിടെ വിവിധ മേഖലയിലെ കലാകാരന്മാർക്കും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് നവരാത്രി ആഘോഷങ്ങൾ നടത്തുന്നത്. സെപ്തംബർ 24 മുതൽ ഒക്ടോബർ അഞ്ച് വരെ വിപുലമായ കലാ സാംസ്‌കാരിക പരിപാടികളാണ് ക്ഷേത്ര ഭരണസമിതി ഒരുക്കിയിട്ടുള്ളത്. 25ന് നൃത്തസന്ധ്യ, ലളിതഗാന മത്സരം. 26 ന് ഭരതനാട്യ മത്സരം. 27ന് ശാസ്ത്രീയ സംഗീത മത്സരം, മോഹിനിയാട്ട മത്സരം. 28ന് കുച്ചിപ്പുടി മത്സരം സംഘനൃത്ത മത്സരം. 29ന് നാടോടിനൃത്ത മത്സരം. 30 ന് കഥകളി. ഒക്ടോബർ ഒന്നിന് നൃത്ത സമർപ്പണം, നാടൻപാട്ട് മത്സരം. 2ന് നൃത്തനൃത്യങ്ങൾ, 3ന് ഭരതനാട്യം, സംഗീത സന്ധ്യ, 4ന് സമാപന സമ്മേളനവും നടക്കുമെന്ന് പറക്കോട്ടുകാവ് പടിഞ്ഞാറ്റുമുറി ദേശകമ്മിറ്റി പ്രസിഡന്റ് സുരഭിൽ പൊന്നാത്ത്, സെക്രട്ടറി കെ. അഭിലാഷ്, ചീഫ് കോ-ഓർഡിനേറ്റർ കെ. ജയപ്രകാശ്കുമാർ, വൈസ് പ്രസിഡന്റുമാരായ ശശി കുന്നേക്കാട്ട്, പി. ജയരാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.