വെള്ളാങ്ങല്ലൂർ: പഞ്ചായത്ത് വെറ്ററിനറി ആശുപത്രിയിൽ നായ്ക്കൾക്ക് മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 62 നായകൾക്ക് ആന്റി റാബിസ് വാക്സിൻ നൽകി. രണ്ട് ക്യാമ്പുകളിലായി 400ൽപ്പരം വളർത്തുമൃഗങ്ങൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കി. ലൈസൻസിനായി ഇതിനോടകം 216 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ വളർത്തുമൃഗങ്ങൾക്കും വാക്‌സിനേഷനും ലൈസൻസും ഉറപ്പാക്കുന്നതോടൊപ്പം ലൈസൻസില്ലാതെ നായകളെ വളർത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി കെ. റിഷി അറിയിച്ചു. വെറ്ററിനറി സർജൻ ഡോക്ടർ പി.വി. ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ അസി. ഫീൽഡ് ഓഫീസർ എസ്.കെ. റഷീദ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ജിനോ, അറ്റൻഡന്റ് മിനി, പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി എന്നിവർ പങ്കെടുത്തു.