ചേലക്കര: വർഷങ്ങളുടെ കാത്തിരിപ്പ് ശേഷം കൊണ്ടാഴി-കുത്താമ്പുള്ളി റോഡ് പാലം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പും സ്ഥലം വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണവും ഇന്ന് നടക്കും. മന്ത്രി കെ. രാധാകൃഷ്ണന്റെ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് പദ്ധതിക്ക് വേഗം കൈവന്നത്. 2016-17 കിഫ്ബി സ്‌കീമിൽ ഉൾപ്പടുത്തി ചേലക്കര നിയോജകമണ്ഡലത്തിലെ കൊണ്ടാഴി വില്ലേജിനെയും കണിയാർകോട് വില്ലേജിനെയും ബന്ധിപ്പിച്ച് ഗായത്രിപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്ന പദ്ധതിയാണിത്. പ്രസിദ്ധമായ കുത്താമ്പുളളി നെയ്ത്ത് ഗ്രാമത്തെ ചേലക്കര-മായന്നൂർ-ഒറ്റപ്പാലം റോഡിലേക്ക് മായന്നൂർക്കാവ് ക്ഷേത്രത്തിന് സമീപം വന്ന് ബന്ധിപ്പിക്കുന്ന പാലമാണിത്.
പദ്ധതിയുടെ പുതുക്കിയ ഡി.പി.ആർ പ്രകാരമുള്ള അടങ്കൽ തുകയായ 31.55 കോടി രൂപയുടെ ഭരണാനുമതിക്കായി കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. 1.6069 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. 6,27,99,887 രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ആകെ മൂന്നു പാലങ്ങളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. പുഴയ്ക്കു കുറുകെയുള്ള ഒരു പാലം, പ്രളയത്തോട് അനുബന്ധിച്ച് പുഴ വഴിമാറി ഒഴുകിയ കുത്താമ്പുള്ളി സൈഡിലെ അനുബന്ധ റോഡിൽ വരുന്ന പാടംഭാഗത്തെ ഒരു പാലം, കൂടാതെ ഇറിഗേഷൻ കനാൽ കുറുകെ വരുന്നതിനാൽ ആ ഭാഗത്തുള്ള ഒരു മൈനർ ബ്രിഡ്ജ് എന്നിവ കൂടാതെ പാലത്തിന്റെ അപ്രോച്ച് റോഡുമാണ് പദ്ധതിയിലുള്ളത്.
ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് കുത്താമ്പുള്ളി പടിഞ്ഞാറേ ദേവസ്വം മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ, തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, ജില്ലാ പഞ്ചായത്തംഗം ദീപ എസ്. നായർ എന്നിവർ പങ്കെടുക്കും.

പാലം പദ്ധതി ഇങ്ങനെ