 
ചേലക്കര: കൊണ്ടാഴി-കുത്താമ്പുള്ളി നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കുത്താമ്പുള്ളി പടിഞ്ഞാറേ ദേവസ്വം മണ്ഡപത്തിൽ കൊണ്ടാഴി-കുത്താമ്പുള്ളി പാലത്തിന്റെ റോഡ്, പാലം സ്ഥലമേറ്റെടുപ്പും സ്ഥലം വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതിയുടെ പുതുക്കിയ ഡി.പി.ആർ പ്രകാരമുള്ള ഭരണാനുമതിക്കായി കിഫ്ബിയിൽ സമർപ്പിച്ചു. നടപടികൾ പൂർത്തിയാക്കി ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. 2016-17 കിഫ്ബി സ്‌കീമിൽ ഉൾപ്പടുത്തി ചേലക്കര നിയോജക മണ്ഡലത്തിലെ കൊണ്ടാഴി വില്ലേജിനെയും കണിയാർകോട് വില്ലേജിനെയും ബന്ധിപ്പിച്ചുകൊണ്ട് ഗായത്രിപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണിത്. നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ്തന്നെ സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യാനായത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് അദ്ധ്യക്ഷനായി. ഏറ്റെടുക്കുന്നതിന്റെ 21 പേർക്കുള്ള രേഖകൾ ഉടമസ്ഥർക്ക് മന്ത്രി കൈമാറി. പുനരിധവാസ പാക്കേജായി ഒരാൾക്ക് 3,11, 258 രൂപയും നൽകി. ഭൂമി ഏറ്റെടുക്കലിന് വേണ്ടി ആകെ 6. 27 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുളളത്. ഭൂമി കൈമാറിയതിന്റെ മുഴുവൻ രേഖകളും മന്ത്രി കെ. രാധാകൃഷ്ണൻ കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. സജിത്തിന് കൈമാറി. കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരൻ, തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.പി. ശ്രീജയൻ, തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ, പഞ്ചായത്തംഗങ്ങളായ എം. ഗിരിജ, യു. ദേവി, എ.ഡി.എം: റെജി പി. ജോസഫ്, തലപ്പിള്ളി തഹസിൽദാർ എം.കെ. കിഷോർ, സ്പെഷ്യൽ തഹസിൽദാർ വി.ബി. ജ്യോതി എന്നിവർ സംസാരിച്ചു.