 
ചാലക്കുടി: പിതാവിന്റെ ജീവൻ നിലനിറുത്താൻ സ്വന്തം കരൾ പകുത്തുനൽകിയ പതിനെട്ടുകാരിക്ക്് വിദ്യാലയത്തിന്റെ ആദരം. മേലൂർ സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ നെൽസൺ- ബിനു ദമ്പതികളുടെ മൂത്തമകൾ എവലിൻ മരിയ നെൽസണെയാണ് നേരത്തെ പഠിച്ച എസ്.എച്ച് കോൺവെന്റ് സ്‌കൂൾ പി.ടി.എ കമ്മിറ്റി ആദരിച്ചത്. പിത്താശയ രോഗമാണ് ആദ്യം ബാധിച്ചത്. പ്രതിവിധിയായി പിത്താശയത്തിൽ സ്റ്റഡ് ഘടിപ്പിച്ചതിനെ തുടർന്നുണ്ടായ പഴുപ്പ് കരളിനെ ഗുരുതരമായി ബാധിക്കുകായിരുന്നു. മറ്റു ചികിത്സകൾ നടത്തിയെങ്കിലും കരൾ മാറ്റിവയ്ക്കലല്ലാതെ മറ്റു പോംവഴികളിലെന്ന് ഡോക്ടർമാർ പറഞ്ഞു. നെൽസന്റെ സഹോദരൻ ഇതിനു തയ്യാറെയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് മറ്റ് രണ്ടു പേർ രംഗത്തെത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലായിരുന്നു. പിതാവിന്റെ ജീവൻ ത്രിശങ്കുവിലാപ്പോൾ പതിനെട്ടുകാരിയായ മകൾക്ക് പിന്നെ മറ്റൊന്നു ചിന്തിക്കാനില്ലായിരുന്നു. ആസ്റ്റർ മെഡിസിറ്റിയിൽ മൂന്നു മാസം മുൻപ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടന്നു. നഴ്‌സിംഗ് വിദ്യാർത്ഥിനി എവലിന്റെ ആരോഗ്യത്തിന് കുഴപ്പമില്ല. നെൽസൺ മേലൂരിലെ വീട്ടിൽ തുടർചികിത്സയിലാണ്. കരുണയുടെ നേർക്കാഴ്ചയും അത്യപൂർവ സംഭവുമായതിനാൽ കുട്ടിക്ക് പ്രത്യേക ആദരവ് നൽകാൻ സ്‌കൂൾ തീരുമാനിക്കുകയായിരുന്നു. ചാലക്കുടി സെന്റ് മേരീസ് ഫൊറോന വികാരി ഫാ.ജോളി വടക്കൻ എവലിനെ ആദരിച്ചു. മുൻ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ ചടങ്ങിൽ പങ്കെടുത്തു.