
പാലപ്പിള്ളി: ഓരോ സാധാരണക്കാരന്റെ മക്കൾക്കും പഠനം സാദ്ധ്യമാക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും അതിനുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. എച്ചിപ്പാറ ട്രൈബൽ സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളിൽ മാനവിക മൂല്യം വളർത്തിയെടുക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. അത് മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത് മുഖ്യാതിഥിയായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.പ്രിൻസ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി. പഴയ കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികളോട് ചേർത്ത് ഒരു ക്ലാസ് മുറിയും നാല് ശുചിമുറികളും നിർമ്മിച്ചു. പുതിയ ഇരുനിലകളിൽ മൂന്ന് ക്ലാസ് മുറികൾ വീതവും നാല് ശുചിമുറികൾ വീതവുമാണ് ഒരുക്കിയത്.
പട്ടാഭിഷേക വാർഷികം 29ന്
തൃശൂർ: മാർ അപ്രേം മെത്രാപ്പോലീത്തയുടെ 54ാമത് മെത്രാപ്പോലീത്തൻ പട്ടാഭിഷേക വാർഷികം 29 ന് വൈകീട്ട് ആറിന് മെത്രാപ്പോലീത്തൻ അരമനാങ്കണത്തിൽ ആഘോഷിക്കുമെന്ന് മെൻസ് അസോസിയേഷൻ കേന്ദ്രസമിതി അറിയിച്ചു. ഈക്കാറ 2022 എന്ന പേരിലുള്ള ആദര സമ്മേളനം മലങ്കര ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ എറോനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ആർച്ച് ഡയോസിസ് നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. കാൽഡിയൻ സിറിയൻ സഭയുടെ ഇടവകകളിൽ സേവനം ചെയ്യുന്ന ക്യാപ്പരന്മാരെ ആദരിക്കുമെന്ന് അസോസിയേഷൻ കേന്ദ്രസമിതി സെക്രട്ടറി അബി.ജെ. പൊന്നൻ മാണിശ്ശേരി, ലാലു തോമസ്, പി.ആർ.ഒ ജിൽസൻ ജോസ് എന്നിവർ അറിയിച്ചു.
ഒന്നാം വർഷ ബിരുദ ക്ലാസിന് തുടക്കം
പട്ടിക്കാട്: വഴുക്കുമ്പാറ എസ്.എൻ കോളേജിൽ രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസുകളോടെ ഡിഗ്രി ക്ലാസുകൾക്ക് തുടക്കം. മാനേജ്മെന്റ് വിദഗ്ദ്ധനും റിസർവ് ബാങ്ക് ഒഫ് ഇന്ത്യയിൽ ജനറൽ മാനേജരുമായിരുന്ന പ്രൊഫഷണൽ ട്രെയിനർ നാരായണൻ മൂവങ്കരയാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ പി.ആർ.ഒ പ്രസാദ് കെ.വി., സ്റ്റുഡന്റ് വെൽഫയർ സെൽ കൺവീനറും കെമിസ്ട്രി വിഭാഗം മേധാവിയുമായ അസി.പ്രൊഫ.ഷീജ കെ.എസ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റുഡന്റ് വെൽഫെയർ സെല്ലിന്റെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ഹൃദ്യാ സുരേഷിന്റെ പ്രാർത്ഥനാഗാനത്തോടെയാണ് തുടങ്ങിയത്. കോളേജ് വൈസ് പ്രിൻസിപ്പാൾ അസി.പ്രൊഫ.നീതു കെ.ആർ, അസി. പ്രൊഫ.സിജി ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ദിനമായ ഇന്ന് വിദ്യാർത്ഥികൾക്കായി 'സർവൈവൽ ഒഫ് ദ സ്മാർട്ടെസ്റ്റ് ' എന്ന വിഷയത്തിൽ പ്രൊഫഷണൽ ട്രെയിനറായ സുരേഷ് വാരിയരുടെ നേതൃത്വത്തിൽ മോട്ടിവേഷണൽ ക്ലാസ് നടക്കും.