പറപ്പൂക്കര: ബലക്ഷയത്തിന്റെ പേരിൽ പ്രധാന റോഡും നവീകരണത്തിന്റെ പേരിൽ മറ്റു റോഡുകളും ഒരേ സമയം അടച്ചതോടെ പറപ്പൂക്കര പഞ്ചായത്തിലെ പകുതിയോളം വാർഡുകൾ ഒറ്റപ്പെട്ട അവസ്ഥയിലായി. പുതുക്കാട്- നെടുമ്പാൾ റോഡിൽ കേളിത്തോട് പാലം ബലക്ഷയത്തെ തുടർന്നും തൊട്ടിപ്പാൾ- മുളങ്ങ് റോഡ് കൾവർട്ട് നിർമ്മാണത്തിനായും അടച്ചു. കാന നിർമ്മാണത്തിനായി കുറുമാലി- രാപ്പാൾ റെയിൽവേ അടിപ്പാതയും അടച്ചു. ഒരേസമയം എല്ലാ വഴികളും അടയ്ക്കുകയും ഒരിടത്തും താൽക്കാലികമായി ബദൽ മാർഗങ്ങൾ സ്വീകരിക്കാതെ നിർമ്മാണം ആരംഭിച്ചതുമാണ്് വിനയായത്. ടോൾ ഒഴിവാക്കി പുതുക്കാട് നിന്നും വാഹനങ്ങൾ തിരിഞ്ഞ് പോയിരുന്ന ചെറുവാൾ റോഡ് അടച്ചതോടെ ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ടോൾ കൊടുത്തു പോകാൻ നിർബന്ധിതരായി.
ബദൽ വഴികൾ തുറന്ന് ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് സി.പി.ഐ പറപ്പൂക്കര ലോക്കൽ കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റ് അംഗം പി.എം. നിക്‌സൺ, ലോക്കൽ സെക്രടറി ആർ. ഉണ്ണിക്കൃഷ്ണൻ, അസി. പി.ടി. കിഷോർ എന്നിവർ പങ്കെടുത്തു.