1

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾ കഥകളിയിൽ അരങ്ങേറ്റം കുറിച്ചു. കേരളകലാമണ്ഡലത്തിലെ ബിരുദാനന്തര ബിരുദ പാഠ്യപദ്ധതിയുടെ ഭാഗമായി കഥകളി ഉപവിഷയമാക്കി കഥകളി വേഷം തെക്കൻ കളരി വിഭാഗം വകുപ്പ് മേധാവി കലാമണ്ഡലം രവികുമാറിന്റെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചവരും മോഹിനിയാട്ടം ഐച്ഛിക വിഷയമാക്കി കേരള കലാമണ്ഡലത്തിൽ പഠിക്കുന്നവരുമായ ദേവിക, സ്‌നേഹ, അഞ്ജലി, രേഷ്മ എന്നീ വിദ്യാർത്ഥിനികളാണ് കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ വച്ച് കഥകളി തെക്കൻ കളരിയിൽ അരങ്ങേറ്റം കുറിച്ചത്. കോട്ടയത്ത് തമ്പുരാന്റെ കല്യാണസൗഗന്ധികം കഥയിൽ പാഞ്ചാലിയുടെ ആവശ്യപ്രകാരം ഭീമസേനൻ സൗഗന്ധികാ പുഷ്പങ്ങൾ അന്വേഷിച്ചു പോകുന്നതുവരെയുള്ള രംഗമാണ് അരങ്ങേറിയത്. ഭീമനും പാഞ്ചാലിയുമായി അവർ അരങ്ങത്ത് വന്നു.