 
എറവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിൽ ചുമരിൽ എം. നളിൻബാബുവിന്റെ നേതൃത്വത്തിൽ ദശവതാരം ചുമർചിത്രങ്ങളുടെ രചനയിൽ കലാകാരന്മാർ.
അരിമ്പൂർ: എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകൾക്ക് ഇനി മഹാവിഷ്ണുവിന്റെ ദശാവതാര ചുമർചിത്രങ്ങൾ ദൃശ്യഭംഗി പകരും. ചുമർച്ചിത്ര കലാകാരൻ എം. നളിൻ ബാബുവിന്റെ നേതൃത്വത്തിൽ ടി.എം. മോനിഷ്, ശ്രീജിത്ത്, അക്ഷയ്കുമാർ, ജയൻ അക്കിക്കാവ് എന്നിവർ ചേർന്നാണ് രണ്ടുമാസം കൊണ്ട് ചിത്രരചന പൂർത്തിയാക്കിയത്. പരമ്പരാഗത കേരളീയ ശൈലിയിലാണ് ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ പത്തു അവതാരചിത്രങ്ങളും വിശ്വരൂപവും ഇതിൽ ഉൾപ്പെടും. ശ്രീദേവി രാംകുമാർ കാട്ടാനിൽ ആണ് വഴിപാടായി ചിത്രം സമർപ്പിക്കുന്നത്. സെപ്തംബർ 30ന് രാവിലെ 9.30ന് ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പ് ഉണ്ണിക്കൃഷ്ണൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ ചിത്രങ്ങളുടെ സമർപ്പണം നടക്കും. ചിത്രങ്ങളുടെ മിഴികളിൽ കറുപ്പ് നിറം നൽകിയുള്ള നേത്രോന്മീലനം സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിക്കും. പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻ മാരാർ തുടങ്ങിയവർ പങ്കെടുക്കും.