വലപ്പാട്: സി.പി.എം നേതൃത്വം നൽകുന്ന വലപ്പാട് സർവീസ് സഹകരണ ബാങ്കിനെതിരെ ചില സാമൂഹിക വിരുദ്ധ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്രചാരവേല അവസാനിപ്പിക്കണമെന്ന് സി.പി.എം വലപ്പാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്കൽ കംപ്ലയിന്റ് കമ്മിറ്റി തീർത്തും എകപക്ഷീയമായ നിയമം അനുശാസിക്കുന്ന സ്വാഭാവിക നീതി പോലും നിഷേധിച്ച് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിനെ കളക്ടറുടെ ഉത്തരവായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. 26ലെ ഹൈക്കോടതി ഉത്തരവിൽ ഒരിടത്തുപോലും അതിജീവിതക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും കള്ളപ്രചാരണം നടത്തുകയാണ് ചില ദ്യശ്യമാദ്ധ്യങ്ങളും തളിക്കുളം പാർട്ടിയും. ഹൈക്കോടതിയുടെ ഉത്തരവിൽ ബാങ്ക് ഭരണസമിതിക്കെതിരെ യാതൊരു പരാമർശവുമില്ല. പാർട്ടി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാർട്ടിയെ തകർക്കാമെന്ന വ്യാമോഹവുമായി ചിലർ ഇറങ്ങിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു സ്ത്രീ വാദിയായിട്ടുള്ള കേസായതിനാൽ പാർട്ടി അവലംബിക്കുന്ന സംയമനത്തെ ദൗർബല്യമായി കാണരുതെന്നും ലോക്കൽ സെക്രട്ടറി ഇ.കെ. തോമസ് പ്രസ്താവനയിൽ അറിയിച്ചു.