 
വീട്ടിലേക്കുള്ള പുതിയ പാലത്തിലൂടെ വേലായുധൻ.
അരിമ്പൂർ: ആറരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം വിളക്കുമാടം വേലായുധേട്ടന്റെ വീട്ടിലേക്ക് വഴി തെളിഞ്ഞു. സി.പി.എം ഗൃഹസന്ദർശനത്തിനിടെ വേലായുധന്റെ വീട്ടിലേക്കുള്ള അപകടകരമായ മുളപ്പാലം നേരിൽക്കണ്ട മുരളി പെരുനെല്ലി എം.എൽ.എ, ആസ്തി വികസനഫണ്ടുപയോഗപ്പെടുത്തിയാണ് വേലായുധന്റെ വീട്ടിലേക്കുള്ള വഴിയുടെ ശോചനീയാവസ്ഥ മാറ്റിയത്. അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ വടക്കുംപുറം സ്വദേശി വിളക്കുമാടം വേലായുധൻ (86) ന്റെ വീട്ടിലേക്ക് എത്തുകയെന്നത് ഏറെ ദുഷ്‌ക്കരമായിരുന്നു. ചാലാടി കോളിന്റെ മേക്കരയിൽ പരമ്പരാഗതമായി കിട്ടിയ പറമ്പിലാണിവരുടെ വീട്. താഴെ പാടവും കുളവും അതിര് പങ്കിടുന്ന മുളപ്പാലത്തിലൂടെ കടന്ന് വേണം ഇവർക്ക് അക്കരെയെത്താൻ. ആദ്യകാലങ്ങളിലൊന്നും ഈ യാത്ര വലിയ കുഴപ്പങ്ങളില്ലാതെ നീങ്ങിയപ്പോൾ മിന്നൽ പ്രളയവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ വന്നതോടെ മുളപ്പാലത്തിലൂടെയുള്ള യാത്ര അപകടം പിടിച്ചതായി മാറി. കഴിഞ്ഞ വർഷം സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം കേരളത്തിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അരിമ്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനപ്രതിനിധികളുടെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി മുരളി പെരുനെല്ലി എം.എൽ.എ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം കെ.കെ. ശശിധരൻ, ലോക്കൽ സെക്രട്ടറി കെ.ആർ. ബാബുരാജ്, ബ്രാഞ്ച് സെക്രട്ടറി കെ.വി. പ്രഭാകരൻ, ബ്രാഞ്ച് അംഗം സെമന്തകം ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വേലായുധന്റെ വീട്ടിലേക്കുള്ള വഴിയുടെ ദുരവസ്ഥ കണ്ടതോടെയാണ് അപകടകരമായ മുളപ്പാലം മാറ്റി കൾവർട്ട് നിർമ്മിക്കണമെന്ന തീരുമാനം ഉണ്ടായത്. പിന്നീട് കാര്യങ്ങളെല്ലാം നീങ്ങിയത് പെട്ടെന്നാണ്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 51, 0000 രൂപ ഉപയോഗിച്ച് ദ്രവിച്ച മുളപ്പാലം മാറ്റി കോൺക്രീറ്റ് പാലവും പാതയും മൂന്ന് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഞായറാഴ്ച്ച വൈകിട്ട് ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ പാലവും പാതയും തുറന്ന് കൊടുത്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അദ്ധ്യക്ഷയായി. ശോഭ ഷാജി, നീതുഷിജു, ലതമോഹൻ, സി.ജി. സജീഷ്, കെ. രാഗേഷ്, പഞ്ചായത്ത് സീനിയർ ക്ലർക്ക് ജോസ് എന്നിവർ സംസാരിച്ചു.