കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചതായി ബി.ജെ.പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തതു മുതൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ബൈപാസ് റോഡിൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളെ തുടർന്നാണ് അനുമതി ലഭിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജനയിൽ ഉൾപ്പെടുത്തിയാണ് ചന്തപ്പുര, പടാകുളം, ഗൗരിശങ്കർ സിഗ്‌നൽ എന്നിവിടങ്ങളിൽ ആറുവരി പാതയോടു കൂടിയ മേൽപ്പാലങ്ങൾ അനുവദിച്ചിട്ടുള്ളത്.
മണ്ഡലം നേതൃത്വവും, കൗൺസിലർമാരും ബൈപാസ് റോഡിൽ മേൽപാലങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരനെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. തുടർന്ന് മന്ത്രി മുരളീധരൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മേൽപ്പാലമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു.
വാർത്താ സമ്മേളനത്തിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, മണ്ഡലം ഭാരവാഹികളായ കെ.എസ്. വിനോദ്, ടി.ബി. സജീവൻ, എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, നഗരസഭാ കക്ഷി നേതാവ് ടി.എസ്. സജീവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, കൗൺസിലർമാരായ രശ്മി ബാബു, ശാലിനി വെങ്കിടേഷ് എന്നിവർ പങ്കെടുത്തു.