കൊടുങ്ങല്ലൂർ: തെരുവ് നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രക്കാരായ ബാങ്ക് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് എറിയാട് ശാഖാ ബ്രാഞ്ച് മാനേജർ കാരൂർ മീത്തിന് സമീപം സുവർണയിൽ രാജേന്ദ്രന്റെ ഭാര്യ ടി.ജി. ശ്രീലത (53), അക്കൗണ്ടന്റ് പടാകുളം വേലംപറമ്പിൽ മുരളീധരൻ (51) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലതയുടെ തലക്ക് ആഴത്തിൽ മുറിവേറ്റതിനാൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. സമീപവാസികളായ ഇരുവരും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ട് ആറരയോടെ എറിയാട് ഒ.എസ് മില്ലിന് സമീപത്തായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിനും കേടുപറ്റി.