udgadanam

പ്രകൃതിയോട് ഇണങ്ങിയുളള ക്ലാസ് മുറികളുടെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കുന്നു.

പാലപ്പിള്ളി: എച്ചിപ്പാറ ട്രൈബൽ സ്‌കൂളിലെ പുതിയ കെട്ടിടത്തിലെ ക്ലാസ് മുറികളെ പരിസ്ഥിതി സൗഹൃദമാക്കി വനംവകുപ്പ്. പീച്ചി വൈൽഡ് ലൈഫ്‌സാൻച്വറിയുടെ നേതൃത്വത്തിലാണ് പ്രകൃതിയോട് ഇണങ്ങിയുളള ക്ലാസ് മുറികൾക്ക് രൂപം നൽകിയത്. ആനയും കടുവയും പൂമ്പാറ്റകളും പൂക്കളും മരങ്ങളും ചോലകളും നിറഞ്ഞ ചിത്രങ്ങളും ചെടികൾ നടുമ്പോഴും മരങ്ങൾ വെട്ടുമ്പോഴും ഭൂമിയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ, ജലമലിനീകരണം തടയൽ, ഒരു മരം നടുക ഒരു തണൽ നേടുക എന്നിങ്ങനെയുളള ആശയങ്ങൾ നിറഞ്ഞ ചുവരുകൾ എന്നിവയാണുള്ളത്. ക്ലാസ് മുറികൾക്ക് വൻവൃക്ഷങ്ങളായ അരയാൽ, പേരാൽ എന്നിവയുടെ പേരുകൾ നൽകി. ക്ലാസ് മുറികൾക്ക് വേണ്ട ബെഞ്ചുകളും ഡെസ്‌കുകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാവർഷവും ഇതുപോലെയുളള മാതൃക പ്രവൃത്തികൾ സ്‌കൂളിന് വേണ്ടി നടത്തുന്നുണ്ട്. 2 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് ഇത്തവണ നടത്തിയത്. പഠനത്തോടൊപ്പം പ്രകൃതിയെ സ്‌നേഹിക്കാം എന്ന അറിവ് കൂടിയാണ് ഇതിലൂടെ നൽകുന്നതെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു പറഞ്ഞു. ആർട്ടിസ്റ്റ് ഡേവിസ് നാല് ദിനരാത്രങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ വരച്ചത്.