ചാലക്കുടി: സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന സർക്കാർ നിർദ്ദേശം നടപ്പാക്കാത്ത ചാലക്കുടി നഗരസഭാ കാര്യാലയത്തിന് മുന്നിൽ ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പൊതുയോഗത്തിന് ശേഷം വീൽചെയറുകളിൽ നഗരസഭാ കോമ്പൗണ്ടിലേക്ക് കടന്ന ഇവർ ഓഫീസ് കവാടത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. ഇതോടെ താഴെയെത്തിയ ചെയർമാൻ എബി ജോർജ് ഒരു മാസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന്് ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ഓഫീസിന് കെട്ടിടത്തിന് മുൻപിൽ റാമ്പ് ഘടിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധ ധർണ നഗരസഭാ കൗൺസിലർ വി.ജെ. ജോജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി. സുദർശനൻ അദ്ധ്യക്ഷനായി. മുൻ പ്രസിഡന്റ് എ.ഒ. രാജു, ട്രഷറർ കെ.ആർ. ശ്രീനാഥ്, ആനി ആന്റണി, സിജു പോൾ, സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.