ഗുരുവായൂർ: ജാഗൃതിയുടേയും ഗുരുവായൂർ നഗരസഭയുടേയും കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ തിരുവനന്തപുരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഠനവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കും. ഗുരുവായൂർ നഗരസഭാ പരിധിയിലുള്ള സ്‌കൂളിലെ മൂന്നുമുതൽ ഏഴുവരെയുള്ള പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായാണ് ക്യാമ്പ് നടത്തുന്നത്. വിദ്യാർത്ഥികളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളും നല്ല ബോധത്തെയും കണ്ടെത്തി അവരെ പ്രചോദിപ്പിച്ച് നിപുണരാക്കി തീർക്കാൻ ഉദ്ദേശിച്ച് 'പ്രബോധിനി' എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ വിവിധ സ്‌കൂളുകളിൽ നിന്നായി ഇരുനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ഒക്ടോബർ 2ന് ഗുരുവായൂർ ജി.യു.പി സ്‌കൂളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് ക്യാമ്പ്. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ക്യാമ്പിന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിക്കും. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷനാകും. ഡോ. ഇ.ബി. ബൈജു, പ്രൊഫ. എൻ.കെ. സത്യപാലൻ, പ്രൊഫ. സി. ഭക്തദാസ് എന്നിവർ ബോധവത്ക്കരണ ക്ലാസുകൾ എടുക്കും. വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും.