
തൃശൂർ: ക്രിപ്‌റ്റോ കറൻസി നിക്ഷേപം, കറൻസി ട്രേഡിംഗ് എന്നിവയിലൂടെ ആയിരത്തിലേറെ പേരിൽ നിന്ന് 500കോടിയോളം നിക്ഷേപം തട്ടിച്ച് മുങ്ങിയ കമ്പനി ഉടമയെയും പ്രൊമോട്ടറെയും പൊലീസ് പിടികൂടി. സംഘത്തിലെ പ്രധാനിയും സ്ഥാപനത്തിന്റെ ഡയറക്ടറുമായ വടക്കാഞ്ചേരി പുന്നംപറമ്പ് സ്വദേശി രാജേഷ് മലാക്ക (കെ.ആർ.രാജേഷ് 46), പ്രൊമോട്ടർ തൃശൂർ അരണാട്ടുകര സ്വദേശി ഷിജോ പോൾ (45) എന്നിവരെയാണ് കോയമ്പത്തൂരിലെ ആഢംബര ഒളിത്താവളത്തിൽ നിന്ന് തൃശൂർ ഈസ്റ്റ്, വെസ്റ്റ് പൊലീസ് സംയുക്തമായി
പിടികൂടിയത്. തോക്കുധാരികളായ അംഗരക്ഷകർക്കൊപ്പമാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞത്.
ടോൾ ഡീൽ വെഞ്ചേഴ്‌സ് എൽ.എൽ.പി, ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ പേരുകളിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നിക്ഷേപം നടത്തി 55,000 രൂപ നഷ്ടപെട്ടുവെന്ന പഴുവിൽ സ്വദേശിയുടെയും, പലതവണകളിലായി 1,11,000 രൂപ തട്ടിയെടുത്തുവെന്ന കല്ലൂർ സ്വദേശിയുടെയും പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിന്റെ മറ്റ് പ്രൊമോട്ടർമാരായ മലപ്പുറം സ്വദേശി മുഹമ്മദ് ഫസൽ, തൃശൂർ സ്വദേശി കെ.ആർ.പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കൽ ലിജോ എന്നിവരടക്കം അഞ്ച് പേർക്കെതിരെയാണ് കേസ്.