തൃശൂർ: ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ ഷട്ടിൽ കോർട്ട് നിർമ്മിക്കുന്നതിന് ടി.എൻ. പ്രതാപൻ എം.പി ഫണ്ടിൽ നിന്നും ഒരു കോടി അനുവദിച്ചു. ടി.എൻ. പ്രതാപൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എം.പി ലാഡ് അവലോകന യോഗത്തിലാണ് തുക അനുവദിച്ചത്.

മണലൂർ പഞ്ചായത്തിലെ കണ്ടശ്ശാംകടവ് സൗഹൃദ തീരം ടൂറിസം പദ്ധതിക്ക് 25 ലക്ഷം രൂപ അധികം തുക അനുവദിച്ചു. കുട്ടനെല്ലൂർ ശ്രീ അച്ചുതമേനോൻ ഗവ. കോളേജിൽ ഫുട്‌ബാൾ ഗ്രൗണ്ട് നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും അനുവദിച്ചു.

എം.പി ഫണ്ടിൽ നിന്നും 645.78 ലക്ഷം രൂപയുടെ 36 പദ്ധതികൾക്കാണ് ഇതുവരെ ഭരണാനുമതി നൽകിയത്. അതിൽ ഒമ്പത് പദ്ധതികൾ പൂർത്തീകരിച്ചു. 223.69 ലക്ഷം രൂപയാണ് വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചത്. സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാൻ നിർവഹണ ഏജൻസികൾക്ക് എം.പി നിർദ്ദേശം നൽകി. ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, പഞ്ചായത്ത് സെക്രട്ടറിമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.