കൊടുങ്ങല്ലൂർ: മുസ്‌രിസ് അറൈവൽ സെന്ററിൽ പണിതുയർത്തിയ ബസ് സ്റ്റാൻഡ് തുറന്നുപ്രവർത്തിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ലക്ഷങ്ങൾ ചെലവഴിച്ചാണ് യു.ഡി.എഫ് ഭരണകാലത്ത് ബസ് സ്റ്റാൻഡ് പണിതത്. ഇപ്പോഴത്തെ ബസ് സ്റ്റാൻഡിലെ യാത്രാ തിരക്ക് പരിഹരിക്കുന്നതിനും

വാഹനങ്ങളുടെ പാർക്കിംഗിനും ഈ സ്റ്റാൻഡ് ഉപയോഗപ്പെടും. ഗുരുവായൂർ ഭാഗത്തേക്കുള്ള ബസുകൾ ഇവിടെ നിന്ന് യാത്ര തിരിക്കുമ്പോൾ നിരവധി പേർക്കാണ് ഗുണം ലഭിക്കുന്നത്. എന്നിട്ടും സ്റ്റാൻഡ് തുറന്ന് പ്രവർത്തിക്കാനുള്ള യാതൊരു നടപടിയും ഭരണകർത്താക്കൾ ഇതുവരെ കൈകൊണ്ടിട്ടില്ല. കെട്ടിടം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരമുറകളുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്നും നേതാക്കളായ കെ.പി. സുനിൽകുമാർ, ഇ.എസ്. സാബു, വി.എം. ജോണി എന്നിവർ ആവശ്യപ്പെട്ടു.