aaaaa
നോക്കുകുത്തിയായി മാറിയ കാഞ്ഞാണി ബസ് സ്റ്റാൻഡിലെ പൊലീസ് എയിഡ് പോസ്റ്റ്.

ബസ് സ്റ്റാൻഡ് ലഹരി വിൽപ്പന കേന്ദ്രം

കാഞ്ഞാണി: ബസ് സ്റ്റാൻഡിലെ പൊലീസ് എയിഡ് പോസ്റ്റ് പൂട്ടിക്കെട്ടിയിട്ട് കാലങ്ങളായി. ഇപ്പോൾ പൊലീസുമില്ല, എയിഡ് പോസ്റ്റ് തുറക്കാനുള്ള നീക്കുപോക്കുമില്ല. നാട്ടുകാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അടിയന്തര സാഹചര്യത്തിൽ പൊലീസ് സേവനം ലഭ്യമാക്കുന്നതിനുമാണ് എയിഡ് പോസ്റ്റ് സ്ഥാപിച്ചത്. ആദ്യകാലത്ത് ഇവിടെ പൊലീസ് സേവനം ലഭ്യമായിരുന്നുവെങ്കിലും പിന്നീട് ഇല്ലാതാവുകയായിരുന്നു. സ്കൂൾ വിടുന്ന സമയങ്ങളിലുണ്ടാകുന്ന തിരക്കും ഗതാഗത കുരുക്കും നിയന്ത്രിക്കാനും ആരുമില്ലാത്ത സ്ഥിതിയാണ്. എയിഡ് പോസ്റ്റ് പ്രവർത്തിക്കാതായതോടെ ചിലർ മുൻവശം കൈയ്യേറി ഫ്രൂട്ട്‌സ്, കരിക്ക് തുടങ്ങിയവ വിൽക്കുന്ന കേന്ദ്രങ്ങൾ ആരംഭിച്ചു. ബസ് സ്റ്റാൻഡിനുള്ളിൽ പൊലീസ് സേവനം ഇല്ലാതായതോടെ ലഹരി വിൽപ്പനയുടെ പ്രധാന കേന്ദ്രമായെന്നും നാട്ടുകാർ ആരോപിച്ചു. ഇവിടെ മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം രൂക്ഷമാണെന്ന് ആരോപിച്ച് യാത്രക്കാർ പല തവണ പരാതിപ്പെട്ടിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. നിരവധി മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ കവറുകളും ബസ് സ്റ്റാൻഡിന്റെ പരിസരങ്ങളിൽ നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. ബസ് സ്റ്റാൻഡിനുള്ളിൽ എത്രയും പെട്ടെന്ന് പൊലീസ് സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.