മാള: മാള പള്ളിപ്പുറം ക്ഷീര സംഘത്തിൽ നടക്കുന്ന കർഷകദ്രോഹ നടപടികൾ എത്രയും വേഗം അവസാനിപ്പിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മാള പള്ളിപ്പുറം ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. മാള ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന മാള പള്ളിപ്പുറം സംഘത്തിൽ കർഷകർക്ക് ലഭിക്കുന്ന പാൽ വില വളരെ കുറവാണ്. കൃത്യമായി ബോണസും ലഭിക്കാറില്ല. സെക്രട്ടറി തന്നിഷ്ട പ്രകാരം ഭരണം നടത്തുന്നുവെന്ന് ആരോപിച്ച് പുതിയ ഭരണസമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. സംഘത്തിൽ അഴിമതി നടക്കുകയാണെന്നും വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് ചെന്തുരുത്തി അദ്ധ്യക്ഷനായി. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോജി ജോർജ്, ലോക്കൽ സെക്രട്ടറി സി.എൻ. സുധാർജനൻ, ബൈജു പറേക്കടൻ, ലിബിൻ പ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.