lawyer

ചാലക്കുടി: ബാറിലെ അഭിഭാഷകരും പൊലീസും തമ്മിൽ അവകാശ തർക്കത്തെ തുടർന്നുണ്ടായ സംഭവ വികാസം പരിഹരിക്കുന്നതിന് വഴി തെളിയുന്നു. ഇരുവിഭാഗങ്ങളെയും ഗവ. പ്ലീഡർ അനുരഞ്ജന ചർച്ചയ്ക്ക് വിളിച്ചതോടെയാണ് പ്രശ്‌നം മഞ്ഞുരുകലിന്റെ അവസ്ഥയിലേക്കെത്തിയത്. അടുത്തദിവസങ്ങളിൽ ഇത് സംബന്ധിച്ച ചർച്ച നടക്കും. ഇതിനിടെ കൊരട്ടി സ്റ്റേഷനിലെ റൈറ്റർ ആശുപത്രിയിലായതും അഭിഭാഷകരെ പിടിവാശിയിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്. മാനസിക സംഘർഷത്തിലായ പൊലീസ് ഓഫീസർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കൊരട്ടി പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവത്തിന്റെ പേരിൽ കോടതി കെട്ടിടത്തിൽ പൊലീസുകാർ ഉപയോഗിച്ചിരുന്ന മുറി അടച്ചുപൂട്ടിയ അഭിഭാഷകരുടെ നീക്കം ഇതിനകം വിവാദമായി. ബാർ അസോസിയേഷൻ ഭാരവാഹികളുടെ പ്രവൃത്തിയിൽ അഭിഭാഷകരിലെ പ്രബല വിഭാഗം അനുകൂലിക്കുന്നില്ല. നഗരസഭയുടെ ലൈബ്രറി കെട്ടിടത്തിൽ 2,000 മുതൽ മുൻസിഫ് കോടതി പ്രവർത്തിക്കുന്നുണ്ട്. നിലവിലെ മജിസ്‌ട്രേറ്റ് കോടതി കെട്ടിടത്തിൽ മുൻസിഫ് കോടതിക്കും കൂടി പ്രവർത്തിക്കാൻ ഇടമില്ലായിരുന്നു. ചാലക്കുടിക്ക് ലഭിച്ച ഒരു കോടതി നഷ്ടപ്പെടാതിരിക്കാൻ അന്നത്തെ നഗരസഭ കൗൺസിൽ വാടക രഹിതമായാണ് കെട്ടിടം നൽകിയത്. പുതിയ കോടതി സമുച്ചയം നിർമ്മാണം ആരംഭിച്ചപ്പോൾ നിലവിലെ മജിസ്‌ട്രേറ്റ് കോടതി ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.