ഒല്ലൂർ: മേൽപ്പാലം റോഡിലെ ടൈൽ വിരിക്കലുമായി ബന്ധപ്പെട്ട് കോർപറേഷൻ മേയർക്കും ഭരണപക്ഷ കൗൺസിലർക്കും വ്യത്യസ്ത അഭിപ്രായം. ഒല്ലൂർ സെന്ററിലെ മേൽപാലം കട്ടവിരിക്കലുമായി ബന്ധപ്പെട്ട് മേൽപ്പാലത്തിൽ ഉണ്ടായിരുന്ന 72 ലോഡ് മണ്ണാണ് സ്ഥലം കൗൺസിലർ സി.പി. പോളി അറിയാതെ കോർപറേഷൻ അധികൃതർ മാറ്റിയത്. കോർപറേഷൻ മാറ്റിയത് 12 ലോഡ് മാത്രമാണെന്നും അത് പനംകുറ്റിച്ചിറയിലെ പകൽ വീടിന് സമീപം തട്ടിയെന്ന് മേയർ പറയുമ്പോൾ ബാക്കി വന്ന 60 ലോഡ് ആര് അടിച്ച് മാറ്റിയെന്നതിന് കണക്കില്ല. ഒല്ലൂർ മേൽപാലത്തിലെ കട്ട വിരിക്കലുമായി ബന്ധപ്പെട്ട് സമീപത്ത് നിന്നായെടുത്ത 72 ലോഡ് മണ്ണാണ് മേൽപാലത്തിന് സമീപം കൂട്ടിയിട്ടത്. പുലർച്ചെ ഒരു മണിക്ക് നാട്ടുകാർ പറഞ്ഞപ്പോൾ മാത്രമാണ് മണ്ണ് മാറ്റിയ വിവരം അറിഞ്ഞതെന്ന് കൗൺസിലർ സി.പി. പോളി പറയുന്നു. ഭൂമാഫിയയെപോലും വെല്ലുന്ന വൻ കച്ചവടമാണ് ഒല്ലൂരിൽ നടന്നതെന്ന് കൗൺസിലർ പറയുന്നു. 3 മാസത്തോളമായി അടച്ചിട്ടിടിരുന്ന ഒല്ലൂർ മേൽപാലം കട്ട വിരിക്കൽ പൂർത്തിയാകാതെ ഉദ്ഘാടനം ചെയ്തതിനാൽ സമീപത്തെ രണ്ട് ഭരണകക്ഷി കൗൺസിലർമാാരും ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ടുനിന്നിരുന്നു. കോർപറേഷനിലെ ചിലരുടെ ഏകാധിപത്യ സ്വഭാവാണ് പല പ്രശ്‌നങ്ങൾക്കും കാരണമെന്ന് വിഘടിച്ച് നിൽക്കുന്ന കൗൺസിലർമാർ പറയുന്നു.