ഗുരുവായൂർ: പേരകം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഇന്നു മുതൽ സപ്താഹയജ്ഞവും ലക്ഷാർച്ചനയും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പേരകം ശ്രീകൃഷ്ണ മഹാദേവ ട്രസ്റ്റും കേരള സംരക്ഷണ സമിതിയുടെ പേരകം മാതൃസമിതിയും സംയുക്തമായാണ് സപ്താഹയജ്ഞം സംഘടിപ്പിക്കുന്നത്. 9 ദിവസം നീണ്ടു നിൽക്കുന്ന സപ്താഹയജ്ഞത്തിന് സ്വാമി ശങ്കര വിശ്വനാഥാനന്ദ സരസ്വതി നേതൃത്വം നൽകും. ഇന്ന് കാലത്ത് 7 മുതൽ സമ്പൂർണ നാരായണീയ പാരായണവും 9 മുതൽ കലവറ നിറയ്ക്കൽ ചടങ്ങുകളും ആരംഭിക്കും. വൈകിട്ട് ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്ന സദസിൽ ദൊഡമഠത്തിൽ ബാലചന്ദ്രൻ എമ്പ്രാന്തിരി അദ്ധ്യക്ഷത വഹിക്കും. കവി രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ പ്രശസ്ത ഡോക്ടർമാരായ ഡോ. സതീശൻ, ഡോ. മധുസൂദനൻ, ഡോ. സുഭാഷ് പൂക്കോട്ടിൽ, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം രാജൻ തറയിൽ എന്നിവരെ ആദരിക്കും. ദിവസവും രാവിലെ 5ന് ഗണപതി ഹോമത്തോടെ സപ്താഹയജ്ഞം ആരംഭിക്കുന്നതും വൈകീട്ട് ദീപാരാധനയോടെ അവസാനിക്കുന്നതുമാണ്. തുടർന്ന് കലാപരിപാടികൾ അരങ്ങേറും. ദിവസവും 4 നേരവും അന്നദാനം ഉണ്ടാകും. ഭാരവാഹികളായ ബാബു കളത്തിൽ, കെ.ആർ. ചന്ദ്രൻ, ബേബി കരിപ്പോട്ടിൽ, പി.എ. ബാലസുബ്രഹ്മണ്യൻ, ശിവരാമൻ തെക്കേപുരയ്ക്കൽ, രത്‌നൻ തറയിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.