കയ്പമംഗലം: സ്‌കൂൾ കുട്ടികൾക്ക് അരി കൊടുക്കാൻ കഴിയാത്ത പിണറായി സർക്കാർ 43 ലക്ഷം ചെലവഴിച്ച് ക്ലിഫ് ഹൗസിൽ പശുത്തൊഴുത്ത് നിർമ്മിച്ച് സംഘപരിവാർ ആശയങ്ങൾക്ക് കുടപിടിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി ക്ലിഫ് ഹൗസിലെ തൊഴുത്തിലേക്ക് പാഴ്‌സലായി വൈക്കോൽ അയച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. പൊറോട്ടയല്ല വൈക്കോൽ ആണ് ബദൽ എന്ന മുദ്രാവാക്യവുമായി കയ്പമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് അഴീക്കോട് അദ്ധ്യക്ഷനായി. അനസ് കായി, പി.എസ്. ഷാഹിർ, ഇർഷാദ് വലിയകത്ത്, ഇ.എ. ഷഫീക്, പ്രവിത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. സുഹൈൽ, പി.കെ. ഷഫീർ എന്നിവർ സംസാരിച്ചു.