 
വാഴക്കാട്- പ്ലാഴി റോഡിൽ അശാസ്ത്രീയമായി നടക്കുന്ന റോഡ് നിർമ്മാണം.
വടക്കാഞ്ചേരി: ചേലക്കര നിയോജക മണ്ഡലത്തിലെ വാഴക്കോട് മുതൽ പ്ലാഴി വരെ റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന റോഡ് പുനർനിർമ്മാണത്തിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി. മുള്ളൂർക്കര പൗരാവകാശ സംരക്ഷണ സമിതിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നൽകിയിരിക്കുന്നത്. നിർമ്മാണ പ്രവർത്തങ്ങളുടെ ഭാഗമായി വാഴക്കോട് സെന്ററിൽ നിന്നും തുടങ്ങി കാനകൾ കോൺക്രീറ്റ് ചെയ് സ്ലാബ് ഇടുന്ന പണികൾ അശാസ്ത്രീയമായ രീതിയിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. വാഴക്കോട് സെന്ററിൽ നിന്ന് തുടങ്ങി ഇരുവശവും കാനകൾ ഉയരം കൂട്ടി നിർമ്മിച്ചത് കാരണം വ്യാപാര സ്ഥാപനങ്ങളിൽ നിന്നും റോഡിലേക്ക് വാഹനങ്ങൾ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്, റോഡ് എത്ര ഉയരം വരുമെന്ന് വ്യക്തതയില്ല, കാനകളിൽ വെള്ളം പോകുന്നതിന് വശങ്ങളിലായി ഇട്ടിരിക്കുന്ന ദ്വാരങ്ങൾ ഉയരത്തിലാണ്-എന്നിവയാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ച് മന്ത്രി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.