ചേലക്കര: ആതുര സേവന രംഗത്ത് വേറിട്ട ശ്രദ്ധേയമായ പ്രവർത്തനത്തിലൂടെ പ്രശംസ നേടിയിരുക്കുകയാണ് എളനാട് എമർജൻസി കെയർ സെന്റർ എന്ന ആശുപത്രി. കാർഷിക ഗ്രാമമായ എളനാടിന്റെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കൊണ്ട് കഴിഞ്ഞ ആറുമാസമായി പ്രവർത്തിച്ചു വരുന്ന എളനാട് എമർജൻസി കെയർ സെന്റർ കൂടുതൽ സൗകര്യങ്ങളോടെ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പഞ്ചായത്തുകളിലെ നാലു വാർഡുകൾ കേന്ദ്രീകരിച്ചുകൊണ്ട് കാൻസർ രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കാനും അർഹരായ രോഗികൾക്ക് സൗജന്യനിരക്കിൽ ചികിത്സയ്ക്കുള്ള സൗകര്യവും ഇവിടെ ഒരുക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സേവനം എളനാട് എമർജൻസി കെയർ സെന്ററിൽ ലഭ്യമാക്കിയിട്ടുണ്ട്. എളനാട് എമർജൻസി ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും ഒരു പഞ്ചായത്തിലെ അർഹരായ കാൻസർ ബാധിതർക്ക് പെൻഷനും തൊഴിലുറപ്പ് തൊഴിലാളികൾക്കും മറ്റ് സംഘടിത വിഭാഗം തൊഴിലാളികൾക്കും ഫസ്റ്റ് എയ്ഡ് കിറ്റുകളുടെ വിതരണവും 2021-22 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കും. പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും പന്ത്രണ്ടാം വാർഡ് മെമ്പർ പി.എ. ബാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. സൗരവ് രാധാകൃഷ്ണൻ കാൻസർ ബോധവത്കരണ പ്രഭാഷണം നടത്തും. കാൻസർ പെൻഷൻ വിതരണം ഉദ്ഘാടനം എൻ.എസ്.എ ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ റഹ്മാൻ നിർവഹിക്കും. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ശശിധരൻ മാസ്റ്റർ, സുമതി ടീച്ചർ, എം.കെ. പത്മജ, ഹസീന ടീച്ചർ, പാണഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു തോമസ് എന്നിവർ സംസാരിക്കും.