പൊതുപ്രവർത്തകന്റെ പരാതിയിൽ ഓംബുഡ്‌സ്മാൻ വിധി

മാള: മാള പഞ്ചായത്തിലെ 2021- 22 സാമ്പത്തിക വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വനവത്കരണ പ്രവർത്തനങ്ങൾ എന്ന പ്രവൃത്തിയിൽ ഫണ്ട് ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ ജോയ് മാതിരപ്പള്ളി നൽകിയ പരാതിയിൽ ഓംബുഡ്‌സ്മാന്റെ വിധി.

ഓബുഡ്‌സ്മാൻ നടത്തിയ അന്വേഷണത്തിൽ പഞ്ചായത്തിലെ 14 വാർഡുകളിൽ റോഡരികിലും മറ്റും തൈകൾ വച്ചുപിടിപ്പിച്ചതിന് ആകെ കൂലിയിനത്തിൽ 9.56 ലക്ഷം ചെലവഴിച്ചെങ്കിലും കാര്യമായ ആസ്ഥിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. യാതൊരുവിധ മുൻകരുതലും ആസൂത്രണവും ഇല്ലാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് ഓംബുഡ്‌സ്മാൻ നിരീക്ഷിച്ചു.

വച്ചുപിടിപ്പിച്ച വൃക്ഷത്തൈകളിൽ നശിച്ചുപോയ തൈകൾക്ക് പകരം പുതിയത് 45 ദിവസത്തിനുള്ളിൽ വച്ചുപിടിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും, ഇക്കാര്യം യഥാസമയം ജില്ലാ ഓംബുഡ്‌സ്മാന്റെ കാര്യാലയത്തിൽ അറിയിക്കുവാനും സെക്രട്ടറിയോട് നിർദ്ദേശിച്ചു.


ഇതിന് ആവശ്യമായിവരുന്ന ചെലവ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽനിന്നും ഉപയോഗിക്കാൻ പാടുള്ളതല്ല.
വച്ചുപിടിപ്പിക്കുന്ന വൃക്ഷത്തൈകൾക്കും നിലവിലുള്ള വൃക്ഷത്തൈകൾക്കും സർക്കാർ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായുള്ള പരിപാലന സൗകര്യമൊരുക്കാൻ ആവശ്യമായ നടപടി പഞ്ചായത്ത് സെക്രട്ടറി കൈക്കൊള്ളേണ്ടതാണ്. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും അല്ലാത്തപക്ഷമുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒന്നും രണ്ടും സിഗ്‌നേറ്ററിമാരും ഉത്തരവാദി ആയിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. പ്രവൃത്തികൾ യഥാസമയം പരിശോധന നടത്താത്ത ഉദ്യോഗസ്ഥന്മാർക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ട അധികാരികളോട് ശുപാർശചെയ്യുമെന്ന് ഉത്തരവിൽ താക്കീത് ചെയ്യുന്നുണ്ട്.